കേരളത്തിൽ നിന്ന് കർണാടകയിലെത്താന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; തമിഴ്നാടും പരിശോധന കര്‍ശനമാക്കി
|വാക്സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കി
കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാക്സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കി. മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്കും ഇളവില്ല
കേരളം, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്. ജില്ലാ അതിർത്തികൾക്ക് പുറമെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനാണ് ജില്ലാ ഭരണകൂടങ്ങൾക്കുള്ള നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കണമെന്നും ഉത്തരവുണ്ട്
ബസിൽ വരുന്നവരുടെ സർട്ടിഫിക്കറ്റ് കണ്ടക്ടർമാർ പരിശോധിക്കണം. അതേസമയം വിദ്യാഭ്യാസ, ജോലി ആവശ്യങ്ങൾക്ക് ദിവസവും പോകുന്നവർക്ക് 15 ദിവസത്തേക്ക് ഒരു ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. മരണം, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് അടിയന്തരമായി പോകേണ്ടവരുടെ പരിശോധന അതിർത്തിയിൽ നടത്തും.
പരിശോധന കര്‍ശനമാക്കി തമിഴ്നാട്
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് പരിശോധന തമിഴ്നാട് സർക്കാരും കര്‍ശനമാക്കി. കോയമ്പത്തൂർ അതിർത്തിയിൽ നാളെ മുതൽ ശക്തമായ പരിശോധന ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.