വാക്സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ്; വിചിത്ര ഉത്തരവുമായി കണ്ണൂര്‍ കലക്ടര്‍
|ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
കോവിഡ് വാക്സിന്‍ എടുക്കുന്നതിന് എഴുപത്തി രണ്ട് മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്ന വിചിത്ര ഉത്തരവുമായി കണ്ണൂര്‍ കലക്ടര്‍. ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണ് തീരുമാനമെന്നും ടി.പി.ആര്‍ കുറച്ച് കാണിക്കാനുളള തന്ത്രമാണെന്നും കണ്ണൂർ മേയർ ആരോപിച്ചു.
ജില്ലയിലെ അമ്പത് ശതമാനത്തിലധികം ആളുകകള്‍ക്കും വാക്സിന്‍ ലഭിക്കാന്‍ ബാക്കി നില്‍ക്കെയാണ് ദുരന്ത നിവാരണ അതോരിറ്റി ചെയര്മാന്‍ കൂടിയായ കലക്ടറുടെ വിചിത്ര ഉത്തരവ്. കോവിഡ് വാക്സിന്‍ എടുക്കാന്‍ 72 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്.ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.പൊതു ഗതാഗത മേഖലയിലെ തൊഴിലാളികള്‍ കടകള്‍,വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും.രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടി്ഫിക്കറ്റ് ഹാജരാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. തീരുമാനത്തിനെതിരെ കലക്ടറുടെ ഫേസ് ബുക്ക് പേജിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടി.പി ആര്‍ കുറച്ച് കാണിക്കാനുളള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്നും തീരുമാനം സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്ക്കും ഗുണകരമാകുമെന്നും കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍ ആരോപിച്ചു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ സൌജന്യമായി ചെയ്ത് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങളോടുളള കലക്ടറുടെ പ്രതികരണം. എന്നാല്‍ ഇത് അപ്രായോഗികമാണന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്.