ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
|ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കി.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാക്കി പ്രവൃത്തി ദിവസങ്ങളില്‍ ആവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്തുന്നവര്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.
അതേസമയം ഇറച്ചി വില്‍പ്പന ശാലകള്‍ക്ക് ഹോം ഡെലിവറി സംവിധാനത്തോട് കൂടി ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. ചെറിയ പെരുന്നാള്‍ പ്രമാണിച്ചാണ് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇളവ് നല്‍കിയത്. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. രോഗവ്യാപനം ശക്തമായ എറണാകുളത്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസിനും തെരഞ്ഞെടുത്ത നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും പ്രവര്‍ത്തിക്കാം.