റബ്ബർ പാലിന്‍റെ വിലയിടിഞ്ഞു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
|180 രൂപ വരെ ലഭിച്ചിരുന്ന റബ്ബർ പാലിന് ഇപ്പോൾ 100 രൂപ പോലും ലഭിക്കുന്നില്ല.
റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി റബ്ബർ പാലിന്‍റെയും വിലയിടിഞ്ഞു. 180 രൂപ വരെ ലഭിച്ചിരുന്ന റബ്ബർ പാലിന് ഇപ്പോൾ 100 രൂപ പോലും ലഭിക്കുന്നില്ല. റബ്ബർ പാൽ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്.
കോവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമാണം വർദ്ധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്‍ഡ് ഉയരാൻ കാരണമായത്. ഇതോടെ കർഷകർ റബ്ബർപാൽ വിൽപ്പനയിലേക്ക് കടന്നു. മാസങ്ങൾക്ക് മുൻപ് വരെ 180 രൂപ വരെ ലാറ്റെക്സിന് വില ലഭിച്ചിരുന്നു. എന്നാൽ കോവിഡ് മാറിയതോടെ വിപണിയിൽ വിലയിടിവ് ആരംഭിച്ചു. ഇപ്പോൾ 100 രൂപ പോലും റബ്ബർ പാലിന് ലഭിക്കുന്നില്ല.
മധ്യകേരളത്തിലെ മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ റബ്ബർ പാൽ കെട്ടികിടക്കുകയാണ്. വൻകിട കമ്പനികളും ലാറ്റെക്സ് സംഭരണം കുറച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ വൻ തോതിൽ ലാറ്റെക്സ് ഉല്പാദിപ്പിച്ചതും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ലാറ്റെക്സ് ഉല്പാദനം നിർത്തി ഷീറ്റ് ഉല്പാദനത്തിലേക്ക് കോർപ്പറേഷൻ കടന്നാൽ കർഷകർക്ക് അത് ആശ്വാസമാകുമെന്നാണ് ഉയരുന്ന അഭിപ്രായം.
റബ്ബർ ഷീറ്റിന്‍റെ വിലയിടവും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണ് മേഖലയിൽ നിലനിൽക്കുന്നത്.