റുമൈസയുടെ അവസ്ഥ അധികൃതരുടെ കണ്ണ് തുറപ്പിച്ചു; ഭിന്നശേഷി സൗഹൃദ നടപടികളുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
|ഭിന്നശേഷികാർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ സജ്ജീകരിക്കും
കോഴിക്കോട്: മെഡിക്കൽ കോളേജ് പേ വാർഡിലെ അഞ്ച് മുറികൾ ഭിന്നശേഷി സൗഹൃദമാക്കും. വാർഡുകൾ ഭിന്നശേഷി സൗഹൃദമല്ലെന്ന മീഡിയവൺ വാർത്തയെ തുടർന്ന് ലീഗൽ സർവീസസ് അതോറിറ്റി എടുത്ത കേസിനെ തുടർന്നാണ് നടപടി. പ്രസവത്തിനായി എത്തിയ ഭിന്നശേഷികാരിയായ റുമൈസയുടെ അവസ്ഥയെക്കുറിച്ചുള്ള മീഡിയവൺ വാർത്ത കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റങ്ങൾക്ക് തുടക്കമിടുകയായിരുന്നു.
മീഡിയവൺ വാർത്തയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കേസെടുക്കുകയും അദാലത്ത് നടത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് അധികൃതർ കൂടി പങ്കെടുത്ത അദാലത്തിലാണ് പേ വാർഡിലെ അഞ്ച് മുറികൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവൃത്തി നടത്താൻ തീരുമാനമായത്. ഭിന്നശേഷികാർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ സജ്ജീകരിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആകെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതി നിർദേശം മൂന്നൂമാസത്തിനകം തയാറാക്കി ആരോഗ്യവകുപ്പിന് സമർപ്പിക്കാനും ധാരണയായിട്ടുണ്ട്.