കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കില്ല
|പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്
കരിപ്പൂര്‍വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടിയാണ് റദ്ദാക്കിയത്.
റൺവേ 2860 മീറ്റർ ഉള്ളത് 2540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. ഇതിനോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികളും താൽക്കാലികമായി നിർത്തിവെക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്.
സുരക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റിസയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കരിപ്പൂരിൽ 2860 മീറ്ററാണ് റൺവേയുടെ നീളം. ഇതിന് ശേഷം 90 മീറ്ററാണ് റിസയുള്ളത്. 2017ൽ റിസ 240 മീറ്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റൺവേയിൽനിന്ന് 150 മീറ്റർ റിസയായാണ് പരിഗണിച്ചത്.
ഇതിന് പകരം റൺവേയുടെ രണ്ടറ്റത്തും 150 മീറ്റർ വീതം എടുത്ത് റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചിരുന്നത്. രണ്ട് വശത്തും 240 മീറ്റർ ചതുപ്പ് നിലമായി മാറ്റണമെന്ന നിർദേശമാണ് ലഭിച്ചത്. ഇതിനായി രണ്ട് ഭാഗത്തുനിന്നും 150 മീറ്റർ കുറയുന്നതോടെ റൺവേ 2560 മീറ്ററായി ചുരുങ്ങും. അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചിരുന്നു. റൺവേ നീളം കുറക്കുകയാണെങ്കിൽ രണ്ട് ഭാഗത്തെയും ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിക്കണം.
നിലവിലെ 2860 മീറ്റർ നീളമുള്ള റൺവേ പോരാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനിടയിലാണ് റൺവേ 300 മീറ്റർ കുറച്ച് 2560 മീറ്ററാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നത്. റൺവേയുടെ നീളം കുറഞ്ഞാൽ, നിലവിൽ സർവിസിന് തയാറായ വിമാന കമ്പനികൾ നിലപാട് മാറ്റാനും സാധ്യതയുണ്ട്. റിസയുടെ നീളം വർധിപ്പിക്കാൻ മറ്റ് വഴികളുണ്ടായിരിക്കെ റൺവേ വെട്ടിക്കുറക്കുന്നത് എന്തിനാണെന്ന ചോദ്യവും ശക്തമായിരുന്നു. 2860 മീറ്റർ റൺവേ നിലനിർത്തി തന്നെ രണ്ട് ഭാഗത്തും റിസ 150 മീറ്റർ കൂടി വർധിപ്പിച്ച് 240 മീറ്ററാക്കാനുള്ള സ്ഥലം ലഭ്യമാണ്. ഇതിനുള്ള നിർമാണച്ചെലവ് മാത്രമാണ് അധികം വരുക. ഇതിന് പകരം റൺവേ നീളം കുറച്ചാൽ അത് കരിപ്പൂരിന് കനത്ത തിരിച്ചടിയാകും നൽകുക.
News Summary : Runway length will not be reduced at Karipur