രണ്ട് ദിവസത്തെ സന്ദർശനം; റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യലെത്തും
|പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് സമ്മർദം ശക്തമാക്കിയിട്ടും ചൈനയും ഇന്ത്യയും റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ചിട്ടില്ല
റഷ്യൻ വിദേശ കാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. നാളെ ഉച്ചയോടു കൂടി എത്തുന്ന മന്ത്രി വൈകുന്നേരം തന്നെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഏപ്രിൽ പതിനൊന്നിന് ഇന്ത്യയും യുഎസ്എയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായിട്ടാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം.
റഷ്യ യുക്രൈൻ സംഘർഷം നില നിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്ത് തിരികെയെത്തിക്കാൻ റഷ്യ നൽകിയ സഹായത്തെകുറിച്ചും ചർച്ചചെയ്യാൻ സാധ്യതയുണ്ട്.
റഷ്യയുടെ യുക്രൈൻ ആക്രമണത്തിന് ശേഷം മോസ്‌കോയിൽ നിന്നുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള സന്ദർശനമായിരിക്കും നാളെ നടക്കുന്നത് . കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് ലാവ്റോവിന്റെ സന്ദർശനം.
പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് സമ്മർദം ശക്തമാക്കിയിട്ടും ചൈനയും ഇന്ത്യയും റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ചിട്ടില്ല. റഷ്യയെ വിമർശിക്കുന്ന യുഎൻ പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും റഷ്യയുടെ എണ്ണയും മറ്റ് സാധനങ്ങളും വാങ്ങുന്നത് തുടരുകയും ചെയ്തു.
ഇന്ത്യയും റഷ്യയും തമ്മിൽ ദശാബ്ദങ്ങളായി അടുത്ത ബന്ധമുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഇന്റർനാഷണൽ ഇക്കണോമിക്സിന്റെ യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് എന്നിവരുമായുള്ള സന്ദർശനത്തോടനുബന്ധിച്ച് നടക്കുന്ന യാത്രയിൽ ലാവ്‌റോവ് ആരെയൊക്കെ കാണുമെന്ന വിവരം വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല.