Kerala
Ruwais remanded for 14 days police reports says the act of accused is crude and vile
Kerala

റുവൈസ് റിമാൻഡിൽ; സ്ത്രീധനം ആവശ്യപ്പെട്ട് ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസ്; പ്രവൃത്തി അപരിഷ്കൃതവും നീചവും

Web Desk
|
7 Dec 2023 1:20 PM GMT

പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്ത്രീധനം ആവശ്യപ്പെട്ട് ഡോ. ഷഹനയെ റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പ്രതി റുവൈസിനെ ഈ മാസം 21വരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കിയെന്നും പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

'സ്ത്രീധന മോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്', 'വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം', 'ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്'- എന്നിങ്ങനെ പോവുന്നു ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ.

പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ, റുവൈസ് സ്ത്രീധനം ആവശ്യപ്പെട്ടതിനടക്കമുള്ള തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'അവരുടെ സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം.... അവസാനിപ്പിക്കുകയാണ് എല്ലാം'- എന്നുൾപ്പെടെ കുറിച്ച ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങളും റുവൈസിനയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം, ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം നീളും.

ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റെ കുടുംബത്തിനെതിരെയും അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുന്നത്. ‌‌പിതാവാണ് കൂടുതൽ സ്ത്രീധനം വാങ്ങാൻ റുവൈസിനെ നിർബന്ധിച്ചതെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ആത്മഹത്യാക്കുറിപ്പിലും ഷഹന സൂചിപ്പിച്ചിരുന്നു.

ഷഹാന താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇതിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇന്ന് പുറത്തുവന്നത്. 'സ്ത്രീധനത്തിനെതിരെ ഘോരപ്രസംഗങ്ങൾ നടത്തുന്ന, സ്ത്രീ തന്നെ ധനമെന്ന് വാദിക്കുന്ന ആളായിരുന്നില്ലേ റുവൈസ്'- എന്നാണ് ഷഹനയുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്നത്.

ഇത്രയധികം സ്ത്രീധനം കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ കൈയിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹന മരിക്കും മുമ്പ് കുറിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പി.ജി വിദ്യാർഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Similar Posts