മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; കൊല്ലത്ത് നടന്ന മാര്‍ച്ചില്‍ ഉന്തുംതള്ളും
|ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു
കൊല്ലം: ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ കൊല്ലം എം.എൽ.എ എം.മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഒന്നും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും മഹിളാ മോർച്ചയുടെ നേതൃത്വത്തിലും എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. മുകേഷ് രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് എം.എൽ.എ ഒഴിവാകും. സമിതിയിൽ നിന്നും മാറണമെന്ന് സി.പി.എം നിർദ്ദേശം നൽകിയെന്നാണ് സൂചന.സർക്കാരിന്‍റെയും മുന്നണിയുടെയും പ്രതിച്ഛായ ആകെ ബാധിക്കുന്ന വിഷയം ആയതുകൊണ്ട് മാറിനിൽക്കണമെന്ന നിർദ്ദേശം മുകേഷിന് സി.പി.എം നേതൃത്വം നൽകിയിട്ടുണ്ട്. സമിതിയിൽ നിന്ന് മാറുന്ന കാര്യം മുകേഷ് നേരിട്ട് അറിയിക്കുമെന്നാണ് വിവരം. മുകേഷിനെ മാറ്റിയില്ലെങ്കിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധവും സി.പി.എം മുൻകൂട്ടി കാണുന്നുണ്ട്.