നിലപാട് മാറ്റി എസ്.രാജേന്ദ്രൻ; അച്ചടക്ക നടപടിക്ക് എതിരെ അപ്പീൽ നൽകി
|സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്
തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് രാജേന്ദ്രൻ അപ്പീൽ നൽകിയത്.പാർട്ടി നിയോഗിച്ച അന്വേഷണകമ്മിഷന്റെ കണ്ടെത്തലുകൾക്കെതിരെ തെളിവുകളും രാജേന്ദ്രൻ ഹാജരാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നായിരുന്നു എസ് രാജേന്ദ്രനെതിരെയുള്ള പ്രധാന ആരോപണം. മുൻ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പൊതുവേദികളിൽ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് രാജേന്ദ്രൻ ആരോപിച്ചിരുന്നു.അന്വേഷണക്കമ്മീഷന്റെ കണ്ടെത്തലുകൾ തന്നെ പുറത്താക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് രാജേന്ദ്രന്റെ വാദം.എ രാജയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലടക്കം പാർട്ടി പരിപാടികളിൽ പങ്കെടുത്ത ദൃശ്യങ്ങളും വാർത്തകളും സഹിതമാണ് രാജേന്ദ്രൻ അപ്പീൽ നൽകിയിരിക്കുന്നത്.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടർന്ന് ഒരു മാസം മുമ്പാണ് രാജേന്ദ്രനെ സസ്പെന്റ് ചെയ്തത്.പാർട്ടി നടപടിക്കെതിരെ അപ്പീൽ പോകില്ലെന്ന ആദ്യ നിലപാട് മാറ്റിയ രാജേന്ദ്രൻ സസ്പെൻഷൻ പിൻവലിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.