എസ്.രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി; ഇടുക്കിയില്‍ സി.പി.എമ്മിന് പുതിയ അമരക്കാരന്
|മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തിനും തുടർചർച്ചകൾക്കു മൊടുവിൽ സി.വി.വർഗീസിനെ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു
ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. തുടർ നടപടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ രാജേന്ദ്രന് മറുപടിയുമായി എം എം മണി രംഗത്തെത്തിത്തിയിരുന്നു.
മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തിനും തുടർചർച്ചകൾക്കു മൊടുവിൽ സി.വി.വർഗീസിനെ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുപ്പത്തിയൊമ്പതംഗ ജില്ലാ കമ്മിറ്റിയെയും പതിനൊന്നംഗ ജില്ലാ സെക്രട്ടേറിയറ്റിനെയുമാണ് തെരഞ്ഞെടുത്തത്. പത്ത് പേർ പുതുമുഖങ്ങളായെത്തിയപ്പോൾ എസ്. രാജേന്ദ്രൻ അടകം എട്ട് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി .
അറുപത്തൊന്നുകാരനായ സി.വി വർഗീസ് കെ.എസ്.വൈ എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാ രംഗത്ത് നിർണായക പദവികൾ വഹിച്ചു. 20 വർഷമായി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡൻ്റുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പാർട്ടി കെട്ടിപ്പെടുക്കുന്നതിനു നേതൃത്വം നൽകിയ എം.എം മണിയെയടക്കം അപമാനിച്ചതും ഗുരുതര അച്ചടക്ക ലംഘനവുമാണ് രാജേന്ദ്രന് തിരിച്ചടിയായത്. എം.എം മണിയുൾപ്പെടെയുള്ളവരുടെ പരിഹാസമേറ്റുവാങ്ങേണ്ടി വന്നതിനാലാണ് സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും എസ്.രാജേന്ദ്രൻ കോടിയേരിക്കു അയച്ച കത്തിൽ പറയുന്നു.
അതേ സമയം തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും നടപടി സ്വാഭാവികമാണെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.