ശബരിഗിരി ജല വൈദ്യുത പദ്ധതി; ഉത്പാദനത്തിൽ് നേരിടുന്നത് ഗണ്യമായ കുറവ്
|കെഎസ്ഇബിയിലെ സമരങ്ങളെ തുടർന്ന് ടെണ്ടർ നടപടികൾ വൈകുന്നതാണ് അറ്റകുറ്റപ്പണികൾ നീളാൻ കാരണം
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ജനറേറ്റർ തകരാറിലായിട്ടും അറ്റകുറ്റപണി നടത്താതെ അധികൃതരുടെ അനാസ്ഥ . കെഎസ്ഇബിയിലെ സമരങ്ങളെ തുടർന്ന് ടെണ്ടർ നടപടികൾ വൈകുന്നതാണ് അറ്റകുറ്റപ്പണികൾ നീളാൻ കാരണം. ജനറേറ്റർ തകരാറിലായതിനാൽ വൈദ്യുതി ഉത്പാദനത്തിൽ 120 മെഗാവാട്ടിന്റെ കുറവാണ് മൂഴിയാർ പവർ ഹൗസിൽ ഓരോ ദിവസവും ഉണ്ടാവുന്നത്.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ പവർ ഹൈസിൽ ഈ മാസം ഒന്നിനാണ് ജനറേറ്റർ തകരാറിലായത് . 60 മെഗാവാൾട്ട് ശേഷിയുള്ള ആറാം നമ്പർ ജനറേറ്ററിനാണ് തകരാറ് സംഭവിച്ചത്. അറ്റകുറ്റപ്പണികൾക്കായി 10 കോടി രൂപ ചെലവ് കണക്കാക്കിയിട്ട് ഒരുമാസത്തോട് അടുക്കുന്നു .
എന്നാൽ ഇതുവരെ ടെണ്ടർ നടപടികൾ പോലും ആരംഭിക്കാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടില്ല, ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സമരം മൂലം കെ.എസ്.ഇ.ബി.യിലെ വകുപ്പ് തല ജോലികൾ ഏറെക്കുറെ നിശ്ചലമാണ്. ഇതാണ് അറ്റക്കുറ്റപ്പണികൾ വൈകുന്നതിന് കാരണമായി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
340 മെഗാവാട്ട് ആകെ ഉത്പാദന ശേഷിയുള്ള മൂഴിയാറിൽ ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 60 മെഗാവാട്ടിന്റെ നാലാം നമ്പർ ജനറേറ്ററും നേരത്തെ തകരാറിലായിരുന്നു. ഇതിന് പിന്നാലെ ആറാം നമ്പർ ജനറേറ്റർ കൂടി കേടായതോടെ ദിവസേനയുള്ള വൈദ്യുതി ഉത്പാദനത്തിൽ 120 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോൾ ഉണ്ടാവുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ ഉത്പാദന ശേഷി കുറഞ്ഞത് കെ.എസ്.ഇ.ബിക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ മഴക്കാലത്തിന് മുൻപ് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കും മൂഴിയാറിലെ ജനറേറ്ററുകളുടെ തകരാറുകൾ തിരിച്ചടിയാവുകയാണ്.