ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു
|മേൽശാന്തി പി.എൻ മഹേഷാണ് നട തുറന്നത്
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നതോടെ ശരണം വിളികളോടെ ഭക്തിസാന്ദ്രമായി ശബരിമല. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി. എൻ മഹേഷാണ് നട തുറന്നത്.
നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടികയറിയെത്തിയത്. ഭക്തർക്ക് ഉച്ചയ്ക്ക് ഒന്നു മുതലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനം അനുവദിച്ചുതുടങ്ങിയത്. മാളികപ്പുറം മേൽ ശാന്തി പി. എം മുരളിക്ക് താക്കോലും ഭസ്‌മവും നൽകി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കുകയായിരുന്നു. നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്നാണ് ശബരിമലയിലെത്തിയത്. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ നടന്നു. വൈകീട്ടോടെ മലകയറിയ നിയുക്ത മേൽശാന്തി മാളികപ്പുറം മേൽശാന്തിയോടൊപ്പം പതിനെട്ടാംപടി ചവിട്ടുകയും തുടർന്ന് മേൽശാന്തിയായി ചുമതലയേൽക്കുകയുമായിരുന്നു.