Kerala
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇന്ന് മുതല്‍ പ്രത്യേക ക്രമീകരണങ്ങള്‍
Kerala

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇന്ന് മുതല്‍ പ്രത്യേക ക്രമീകരണങ്ങള്‍

Web Desk
|
16 Dec 2022 12:47 AM GMT

അവലോകന യോഗത്തിലുയർന്ന നിർദേശങ്ങളും പരാതികളും പരിഹരിച്ച് തിരക്ക് നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്

ശബരിമലയിലെ തിരക്ക് പരിഹരിക്കുന്നതിനായി പൊലീസ് ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കും. സ്ത്രീകള്‍ക്കും കുട്ടികൾക്കും പ്രത്യേക ക്യൂ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അതേസമയം ധനു മാസം ഒന്നാം തിയ്യതിയായ ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

അവലോകന യോഗത്തിലുയർന്ന നിർദേശങ്ങളും പരാതികളും പരിഹരിച്ച് തിരക്ക് നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേരള പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അടക്കം നേരിട്ടെത്തി നല്‍കിയ നിർദേശങ്ങള്‍ പാലിച്ചാവും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. സന്നിധാനത്തും പമ്പയിലും മറ്റ് സ്ഥലങ്ങളിലുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. സഞ്ചാര പാതകളിലെ വാഹന നിയന്ത്രണം പരമാവധി ഒഴിവാക്കി മലകയറാന്‍ അവസരമൊരുക്കും. ഈ മൂന്ന് കാര്യങ്ങള്‍ കൃത്യമായി പാലിക്കാനായാല്‍ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ബുധനാഴ്ച ശബരിമലയില്‍ എത്തിയവരെ കൂടാതെ ബുക്ക് ചെയ്ത 82,365 പേരില്‍ 72,000ലധികം ആളുകള്‍ക്കും തിരക്കുകളില്ലാതെ ദർശനം നടത്താന്‍ ഇന്നലെ സാധ്യമായിരുന്നു. ധനു മാസത്തിലെ ഒന്നാം തിയ്യതിയായ ഇന്ന് 93456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ ഇവർക്കും ഇന്ന് സന്നിധാനത്ത് എത്താനായാല്‍ പൊലീസ് സേന നടപ്പാക്കുന്ന പദ്ധതികള്‍ വിജയിക്കും. എന്നാല്‍ പാർക്കിങ് സൌകര്യം സംബന്ധിച്ചും കെഎസ്ആർടിസിക്കെതിരെയും പരാതികള്‍ തുടരുന്നതാണ് സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലെ വെല്ലുവിളി.

Related Tags :
Similar Posts