വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകര്‍; പാതിവഴിയിൽ മടങ്ങി നൂറുകണക്കിനുപേര്‍
|പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തി നൂറുകണക്കിനുപേർ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങി
പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാൻ നിലക്കലിലും ഇടത്താവളങ്ങളിലും വാഹനങ്ങൾ തടഞ്ഞുവച്ചതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞ് തീര്‍ത്ഥാടകര്‍. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തി നൂറുകണക്കിനുപേർ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങി. അതേസമയം, ആവശ്യമെങ്കിൽ കൂടുതൽ കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
ഒന്‍പതും 10ഉം മണിക്കൂറുകളാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ കിടന്നത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിലക്കൽ എത്തിയവർക്ക് കെ.എസ്.ആര്‍.ടി.സി ബസുകളും ലഭിക്കുന്നില്ല. ബസുകൾ നിറഞ്ഞു കവിഞ്ഞാലും വാഹനം എടുക്കാൻ ഡ്രൈവർമാർ തയാറാവുന്നില്ലെന്നും തീർത്ഥാടകര്‍ പറയുന്നു.
ദർശനം നടത്തി തിരികെ പമ്പയിൽ എത്തിയവരുടെയും അവസ്ഥ മറിച്ചല്ല. മണിക്കൂറുകൾ കാത്തുനിന്നാലും തിരികെ മടങ്ങാൻ ബസില്ലാത്ത സ്ഥിതിയാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിലക്കലിൽ പോലും എത്താനാവാതെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് മടങ്ങി നെയ്യഭിഷേകം നടത്തി തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചവരും ഏറെയാണ്.
Summary: Sabarimala pilgrims suffering from lack of water and food; Hundreds of people abandoned the pilgrimage halfway