ജാതി അധിക്ഷേപത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു.എം.ജേക്കബ് ഹൈക്കോടതിയിൽ
|സാബു ജേക്കബ്ബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴി ഇന്നെടുത്തിരുന്നു
കൊച്ചി: പി.വി.ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു.എം.ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംഭവദിവസം താൻ സ്ഥലത്തുപോലും ഉണ്ടായിട്ടില്ലെന്നും പി.വി.ശ്രീനിജൻ എംഎൽഎയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമെന്നും പറഞ്ഞ സാബു ജേക്കബ് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം നിലനിൽക്കില്ല എന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
സാബു ജേക്കബ്ബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴി ഇന്നെടുത്തിരുന്നു. കോലഞ്ചേരിയിൽ എംഎൽഎ ഓഫീസിലാണ് മൊഴിയെടുപ്പ്. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്.
പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞ് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ എംഎൽഎ യോടൊപ്പം വേദി പങ്കിടരുതെന്നും എന്നും നിർദേശം നൽകി ട്വൻ്റി ട്വൻ്റി എന്ന പ്രാദേശിക പാർട്ടി പഞ്ചായത്ത് അംഗങ്ങളെ വിലക്കി എന്നാണ് പരാതി. സാബു ജേക്കബ്ബിനെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് പ്രസിഡണ്ടിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.