Kerala
sadikali thangal
Kerala

ആരെയും വിലക്കുന്നത് സമസ്തയല്ല, സമസ്തയുടെ പേരിൽ ചിലരാണ്: സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
9 March 2023 8:11 AM GMT

'സമസ്ത-സിഐസി വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയ്ക്കുള്ള വിശദീകരണങ്ങളും പ്രതികരണങ്ങളും പരിഹാരം കാണുന്നതിനെ ബാധിക്കാനിടയുണ്ട്.'

സമസ്ത-സിഐസി വിഷയത്തിൽ പരിഹാര ശ്രമങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇതിനിടെ വരുന്ന വിശദീകരണങ്ങളും പ്രതികരണങ്ങളും പ്രശ്‌നപരിഹാരത്തെ ബാധിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

'സമസ്ത എന്നും ലീഗിന്റെ ശക്തിയാണ്. സിഐസി സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിലക്കുണ്ടായത് യാദൃച്ഛികമായി സംഭവിച്ചതാണ്. ആരെയും വിലക്കുന്നത് സമസ്തയല്ല. സമസ്തയുടെ പേരിൽ ചിലരാണ്. അത്തരം വിഷയങ്ങളെല്ലാം സമസ്തയും ലീഗും ചർച്ച ചെയ്ത് പരിഹാരം കാണാറുണ്ട്'- തങ്ങൾ പറഞ്ഞു.

പ്രശ്‌നവുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മറുപടികളും പരിഹാരമാർഗത്തെ സങ്കീർണമാക്കുമോ എന്ന ചോദ്യത്തിന്, 'സമസ്ത-സിഐസി വിഷയം പരിഹരിക്കുന്നതിനു നിരന്തര ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിയമപ്രശ്‌നങ്ങൾ കൂടി വരുന്നതിനാൽ അതു കൂടി കണക്കിലെടുത്തുള്ള പരിഹാരത്തിനാണ് ശ്രമിക്കുന്നത്. ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയ്ക്കുള്ള വിശദീകരണങ്ങളും പ്രതികരണങ്ങളും പരിഹാരം കാണുന്നതിനെ ബാധിക്കാനിടയുണ്ട്. എല്ലാവർക്കും യോജിക്കാവുന്ന ശാശ്വതപരിഹാരത്തിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.' - എന്നായിരുന്നു സാദിഖലി തങ്ങളുടെ മറുപടി.

പേരു കൊണ്ടല്ല, പ്രവർത്തനം കൊണ്ടാണ് ലീഗിനെ വിലയിരുത്തേണ്ടത് എന്നും തങ്ങൾ പറഞ്ഞു. 'ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും അംഗീകരിച്ചു കൊണ്ട് ലീഗ് മുമ്പോട്ടു വന്നപ്പോൾ നെഹ്‌റു അടക്കമുള്ളവർ അതിനെ ചെറുതായി കണ്ടില്ല. സ്വതന്ത്രഭാരതത്തിൽ ഇനി എന്തിനാണ് ലീഗ് എന്ന് നെഹ്‌റു തന്നെ നേരത്തെ ചോദിച്ചതാണ്. താങ്കളുടെ കാലം കഴിഞ്ഞാലും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമല്ലോ എന്നാണ് ഖാഇദെ മില്ലത്ത് അതിനു മറുപടി നൽകിയത്. ലീഗിന്റെ ആ നിലപാട് പിന്നീട് സർവ സ്വീകാര്യത നേടി. കമ്യൂണിസ്റ്റ് പാർട്ടി പോലും ഞങ്ങളുടെ നിലപാടുകളെ പുകഴ്ത്തുകയും അംഗീകരിക്കുകയും ചെയ്യുന്നു. കോൺഗ്രസ് ഞങ്ങളുടെ കൂടെ തന്നെയുണ്ട്. പേരു കൊണ്ടല്ല, പ്രവർത്തനം കൊണ്ടാണ് ഞങ്ങളെ വിലയിരുത്തേണ്ടതെന്ന് എല്ലാവർക്കും മനസ്സിലായി.'- അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സിഐസി വിവാദവുമായി ബന്ധപ്പെട്ട് മാർച്ച് 15ന് മലപ്പുറത്ത് സമസ്ത വിശദീകരണ സംഗമം നടക്കും. മാർച്ച് 11ന് കുറ്റ്യാടിയിലും നയവിശദീകരണ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. ആദർശ വ്യതിയാനത്തിനും അച്ചടക്ക രാഹിത്യത്തിനുമെതിരെ എന്ന പ്രമേയവുമായി സമസ്ത നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലം സംയുക്ത സമിതിയാണ് കുറ്റ്യാടിയിലെ പരിപാടി സംഘടിപ്പിക്കുന്നത്. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, കെ മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.





Similar Posts