'ആ പൊയീക്കങ്ങനെ നോക്കണ്ട, ചാടാൻ തോന്നും, ഒരു ചായ കുടിച്ച് പോയ്‌ക്കോളീ'; സഹപാഠിയുടെ തട്ടുകടയിൽ സാദിഖലി തങ്ങളുടെ പെരുന്നാളനുഭവം
|'ഇനി നാളെ മുതൽ ഈ ഇടവഴികളുടെ സ്വഛത വെടിഞ്ഞ് വീണ്ടും തിരക്കിലേക്ക് പോവാണല്ലോ എന്നോർക്കുമ്പോൾ എവിടെയോ ഒരു നീറ്റൽ. അപ്പോഴും ചായയിൽ നിന്ന് ആവി പറക്കുന്നുണ്ടായിരുന്നു'
രാഷ്ട്രീയത്തിന്റെ തിരക്കുകളൊഴിഞ്ഞ പെരുന്നാൾ ദിനത്തിൽ നാട്ടിലെ പുഴയും നാടൻ തട്ടുകടയിലെ ചൂടു ചായയുമൊക്കെ ആസ്വദിച്ച് മുസ്‌ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തങ്ങൾ തന്നെയാണ് പാണക്കാട്ടിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയോരത്തെ പ്രകൃതി ഭംഗി ആസ്വദിച്ചതും കുട്ടിക്കാല സുഹൃത്തും സഹപാഠിയുമായ അലവിയുടെ തട്ടുകടയിലെത്തി ചായകുടിച്ചതും പങ്കുവെച്ചത്.
സാദിഖലി തങ്ങളുടെ കുറിപ്പ്:
ഇന്നലെ പെരുന്നാളിലെ ഗൃഹസന്ദർശനങ്ങൾ തീരാറായപ്പോൾ കടലുണ്ടിപ്പുഴയോരത്തെ റോഡിനോട് ചേർന്ന നടപ്പാതയിലായിരുന്നു ഞങ്ങൾ. നേരിയ മഴത്തുള്ളികൾ പുഴപ്പരപ്പിൽ ചിത്രമിട്ടു കൊണ്ടിരുന്നു. പുഴക്കക്കരെ തെങ്ങിൻ തോപ്പിനു മുകളിൽ കിളികൾ കൂടു തേടി പോകുന്നുണ്ടായിരുന്നു. പുഴക്കിരുവശത്തെയും പച്ചപ്പുകൾ ഞങ്ങൾ പുഴയോരത്തുള്ളവർക്ക് കാഴ്ചയുടെ വസന്തമാണ് അന്നും ഇന്നും. അതിനിടക്ക് നല്ല മണം വരുന്നു. നടപ്പാതയോട് ചേർന്നചായക്കടയിൽ നിന്നാണ്. എണ്ണക്കടികൾ വറുക്കുന്ന്‌നതിന്റെയാണ്. അപ്പോഴാണ് കടക്കാരന്റെ ക്ഷണം' ആ പൊയീക്കങ്ങനെ നോക്കി നിക്കണ്ട, ചാടാനും നീന്താനും തോന്നും, ബ്‌ടെ വന്ന് ഒരു ചായ കുടിച്ച് പോയ്‌ക്കോളീ'' എന്ന്.
എന്റെ കുട്ടിക്കാല സുഹൃത്തും സഹപാഠിയുമായ അലവിയുടെതാണ് കട. LPയിലും യു.പി യിലും ഒരുമിച്ചു പഠിച്ചു. പിന്നെയവൻ ഗൾഫിൽ പോയി. ഇപ്പോൾ കുറച്ചായിട്ടു നാട്ടിലാണ്. ചായക്കടയുമായി കഴിയുന്നു. ഞങ്ങളും തീരുമാനിച്ചു അലവിയുടെ ചായ കുടിച്ചുപോകാമെന്ന്. അലവിക്കാവേശമായി, വെള്ളം കുറച്ച് പൊടിച്ചായ, അലവി സ്വയം പറഞ്ഞു,' അല്ല വെള്ളം കുറഞ്ഞാലും പാല് കുറയണ്ടലവ്യേ' ഞങ്ങളെ കൂട്ടത്തിലെ മുതിർന്നയാൾ പറഞ്ഞു. നല്ല മുറുക്കും അലവി തന്നെ ഉണ്ടാക്കിയ മാൽപൊരിയും കൂട്ടി ചായകുടിച്ചു, അപ്പോഴും കിളികൾ ദൂരേക്ക് പറക്കുന്നുണ്ടായിരുന്നു. മനസ്സിൽ ഒരു പൂർണ ചന്ദ്രന്റെ നിലാവായിരുന്നു ഈ ദിവസം മുഴുവൻ എന്ന ഓർമ്മയും നേർത്ത മഴയോടൊപ്പം ഒരു കുളിരായി.
ഇനി നാളെ മുതൽ ഈ ഇടവഴികളുടെ സ്വഛത വെടിഞ്ഞ് വീണ്ടും തിരക്കിലേക്ക് പോവാണല്ലോ എന്നോർക്കുമ്പോൾ എവിടെയോ ഒരു നീറ്റൽ. അപ്പോഴും ചായയിൽ നിന്ന് ആവി പറക്കുന്നുണ്ടായിരുന്നു.
Panakkad Sayyid Sadikhali Shihab Thangal's Eid experience at his classmate's shop