Kerala
രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം അപലപനീയം, സർക്കാർ ഇടപെടണം: സാദിഖലി ശിഹാബ് തങ്ങൾ
Kerala

രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം അപലപനീയം, സർക്കാർ ഇടപെടണം: സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
24 Jun 2022 4:34 PM GMT

സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്

രാഹുൽഗാന്ധിയുടെ വയനാട്ടുള്ള ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ച സംഭവം നീചവും അപലപനീയവുമാണെന്നും നാടിന്റെ സമാധാനം നിലനിർത്താൻ സർക്കാർ കൃത്യമായി ഇടപെടണമെന്നും മുസ്‌ലിം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബി.ജെ.പി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടത്തുന്ന വേട്ടയാടലിനെതിരെ മതേതര ശക്തികൾ ഒരുമിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണ് കേരളത്തിലെ ഇടത്പക്ഷം ഇത്തരം നീചമായ പ്രവർത്തനങ്ങളുമായി രംഗത്ത് വരുന്നതെന്നും തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബി.ജെ.പിയെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മതേതര കേരളത്തിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ഇന്ന് ഉച്ചക്ക് അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

Sadiq Ali Shihab Thangal responds to sfi attack on Rahul Gandhi's office

Similar Posts