സുന്നി ഐക്യ ചര്‍ച്ചകളില്‍ ലീഗ് മുന്‍പന്തിയിലുണ്ടാകും: സാദിഖലി ശിഹാബ് തങ്ങള്‍
|സുന്നികള്‍ക്കിടയിലെ സൗഹാര്‍ദം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമമാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചകളില്‍ ലീഗ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. സുന്നികള്‍ക്കിടയിലെ സൗഹാര്‍ദം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമമാണിത്.എക്കാലത്തും കാന്തപുരം- സുന്നി ഐക്യത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വൈകാതെ തന്നെ ചര്‍ച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമുദായ ഐക്യം വേണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത ഇ.കെ-എപി വിഭാഗങ്ങള്‍ തമ്മില്‍ ഐക്യചര്‍ച്ചകള്‍ക്ക് സാധ്യതയേറുകയാണ്. കാന്തപുരം മീഡിയവണിന് നല്‍കിയ അഭിമുഖത്തിലെ പ്രതികരണത്തിന് പിന്നാലെയാണ് ഐക്യചര്‍ച്ചകള്‍ വീണ്ടം സജീവമായത്.
ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് ലീഗിന്റെ നിലപാട്. പിന്നാലെ ഐക്യചര്‍ച്ചകളെ സ്വാഗതം ചെയ്ത് സമസ്ത ഇ.കെ വിഭാഗവും രംഗത്തെത്തുകയായിരുന്നു. ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും സുന്നി ഐക്യം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും സമസ്ത ഇ.കെ വിഭാഗം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ലീഗുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹം എന്ന് കാന്തപുരം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സുന്നി ഐക്യചര്‍ച്ചകളിലും മുസ്‌ലിം ലീഗിന് നിര്‍ണായക പങ്കുവഹിക്കാനാകും. ഐക്യ ചര്‍ച്ചകള്‍ക്ക് ആര് മുന്‍കയ്യെടുക്കും എന്നതാണ് ഇനി പ്രധാനം.