Kerala
സംഘ്പരിവാർ വാദങ്ങൾ ഏറ്റുപറഞ്ഞ സാദിഖലി തങ്ങൾ പരാമർശങ്ങൾ പിൻവലിച്ച്  മാപ്പ് പറയണം: മുഹമ്മദ് സഈദ് ടി.കെ.
Kerala

സംഘ്പരിവാർ വാദങ്ങൾ ഏറ്റുപറഞ്ഞ സാദിഖലി തങ്ങൾ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം: മുഹമ്മദ് സഈദ് ടി.കെ.

Web Desk
|
4 Feb 2024 11:32 AM GMT

1992 ൽ തങ്ങളുടെ കുടുംബമുണ്ടായിരുന്നത് കൊണ്ടാണ് മുസ്ലീങ്ങൾ അക്രമം ചെയ്യാതിരുന്നതെന്ന മുസ്ലിം സമുദായത്തെ അപമാനിക്കുന്ന നിരന്തര വർത്തമാനത്തിൻ്റെ സ്വാഭാവിക പിന്തുടർച്ചയാണ് സാദിഖലി തങ്ങളുടെ ഇപ്പോഴത്തെ പരാമർശമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്

കോഴിക്കോട്: രാജ്യത്തിൻ്റെ പൊതുമണ്ഡലം മുസ്ലിം ശബ്ദങ്ങളെ പൂർണമായും ബഹിഷ്കരിക്കുന്ന കാലത്ത് സംഘ്പരിവാർ വാദങ്ങൾ ഏറ്റുപറഞ്ഞ് സാദിഖലി തങ്ങൾ നടത്തിയ അപകടകരമായ പരാമർശങ്ങൾ പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് എസ്.ഐ. ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ.

1992 ൽ തങ്ങളുടെ കുടുംബമുണ്ടായിരുന്നത് കൊണ്ടാണ് മുസ്ലീങ്ങൾ അക്രമം ചെയ്യാതിരുന്നതെന്ന മുസ്ലിം സമുദായത്തെ അപമാനിക്കുന്ന നിരന്തര വർത്തമാനത്തിൻ്റെ സ്വാഭാവിക പിന്തുടർച്ചയാണ് സാദിഖലി തങ്ങളുടെ ഇപ്പോഴത്തെ പരാമർശങ്ങള്‍. മുസ്ലിം വിരുദ്ധത പേറുന്ന കപട മതേതരരുടെ തൃപ്തി നേടിയെടുക്കലാണ് ചെയ്യാനുള്ള പണി എന്ന് വിചാരിക്കുന്നവർ സമുദായം തങ്ങളുടെ അമ്മിക്കടിയിൽ അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണെന്നും സഈദ്.ടി.കെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബാബരി മസ്ജിദ് തകർത്ത മണ്ണിൽ ഉയരുന്ന രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യമാണെന്നും അത് മതേതരത്വത്തിൻ്റെ അടയാളമാണെന്നുമാണ് സാദിഖ് അലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

എങ്ങനെയാണ് പാർലമെൻ്റിൽ കേവലം വിരലിലെണ്ണാവുന്ന അംഗകളുണ്ടായിരുന്ന ബി ജെ പി ഇന്ന് രാജ്യം ഭരിക്കുന്നവരായത്? 1992 ൽ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് എത്തിയ രഥയാത്രയും മുസ്ലിംകൾക്ക് നേരെ ആക്രമണങ്ങൾ കൊണ്ട് ആർ.എസ്.എസ്, ബി.ജെ.പിയുടെ അഴിഞ്ഞാടിയ കാലം ആർക്കാണ് മറക്കാനാവുക..? ടി വി സീരിയലുകളിലൂടെയും മറ്റും രാമനെ കേന്ദ്രീകരിച്ച പ്രചാരണങ്ങൾ നടത്തുകയും മുസ്ലിംകളെ ഭീകരവൽകരിക്കുകയും ചെയ്ത ഹിന്ദുത്വ ശക്തികളുടെ ഹീന പ്രവർത്തികളെ ആർക്കാണ് മറക്കാൻ കഴിയുക..?

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യമാണെന്ന് പറയുന്ന സമയത്ത് സാദിഖലി തങ്ങളുടെ ഉള്ളിൽ എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങൾ ഉയർന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്ത്യയിലെ ഏതൊരു മുസ്ലിമും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചരിത്ര സാമൂഹ്യ ശാസ്ത്ര ബോധ്യങ്ങൾ എന്തുകൊണ്ട് അദ്ദേഹം മനപൂർവ്വം വിസ്മരിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നു. ഹിന്ദുത്വ പദ്ധതികളെ ജനങ്ങളുടെ ആവശ്യമായി അവതരിപ്പിക്കുന്നത് ഹീനമായ പ്രവർത്തി അല്ലാതെ മറ്റൊന്നുമല്ല.

1992 ൽ തങ്ങളുടെ കുടുംബമുണ്ടായിരുന്നത് കൊണ്ടാണ് മുസ്ലീങ്ങൾ അക്രമം ചെയ്യാതിരുന്നതെന്ന മുസ്ലിം സമുദായത്തെ അപമാനിക്കുന്ന നിരന്തര വർത്തമാനത്തിൻ്റെ സ്വാഭാവിക പിന്തുടർച്ചയാണ് സാദിഖലി തങ്ങളുടെ ഇപ്പോഴത്തെ പരാമർശങ്ങളും. മുസ്ലിം വിരുദ്ധത ഉൾപ്പേറുന്ന കപട മതേതരരുടെ തൃപ്തി നേടിയെടുക്കലാണ് ചെയ്യാനുള്ള പണി എന്ന് വിചാരിക്കുന്നവർ സമുദായം തങ്ങളുടെ അമ്മിക്കടിയിൽ അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

മുസ്ലിങ്ങൾ പരമാവധി ഒതുങ്ങി നിൽക്കുമ്പോഴും അവകാശങ്ങൾ ചോദിക്കാതിരിക്കുമ്പോഴും പുലരുന്ന പൂത്തിരി വെട്ടമാണ് മതേതരത്വം എന്ന് വിചാരിച്ചിരിക്കുന്ന നിർഭാഗ്യകരമായ ബോധമണ്ഡലത്തിൽ നിന്നും ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് സാദിഖലി തങ്ങളുടേത്. രാജ്യത്തിൻ്റെ പൊതുമണ്ഡലം മുസ്ലിം ശബ്ദങ്ങളെ പൂർണമായും ബഹിഷ്കരിക്കുന്ന ഈ കാലത്ത് സംഘ്പരിവാർ വാദങ്ങൾ ഏറ്റുപറഞ്ഞ് സാദിഖലി തങ്ങൾ നടത്തിയ അപകടകരമായ തൻ്റെ പരാമർശങ്ങൾ അദ്ദേഹം പിൻവലിക്കുകയും മുസ്ലിം സമുദായത്തോട് മാപ്പ് പറയുകയും ആണ് വേണ്ടത്.

Similar Posts