![സോണിയാ ഗാന്ധിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്; ഐക്യദാർഢ്യമറിയിച്ച് സാദിഖലി തങ്ങൾ കത്തെഴുതി സോണിയാ ഗാന്ധിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്; ഐക്യദാർഢ്യമറിയിച്ച് സാദിഖലി തങ്ങൾ കത്തെഴുതി](https://www.mediaoneonline.com/h-upload/2022/08/05/1310856-thangal-soni.webp)
സോണിയാ ഗാന്ധിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്; ഐക്യദാർഢ്യമറിയിച്ച് സാദിഖലി തങ്ങൾ കത്തെഴുതി
![](/images/authorplaceholder.jpg?type=1&v=2)
ഇന്ത്യൻ ജനത 75 വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്നും പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിൽ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശവും ഉൾപ്പെടുമെന്ന് ബിജെപി സർക്കാരിനോട് ഓർമപ്പെടുത്തേണ്ടി വരികയാണെന്ന് തങ്ങൾ കത്തിൽ പറഞ്ഞു.
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സോണിയാ ഗാന്ധിക്ക് ഐക്യദാർഢ്യമറിയിച്ച് കത്തെഴുതി. വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇത്തരമൊരുഘട്ടത്തിൽ കേന്ദ്രം ഭരിക്കുന്ന സർക്കാർ എടുക്കേണ്ട നിലപാട് ജനങ്ങൾക്ക് ആശ്വാസമേകുന്നതാകണം. എന്നാൽ അത്തരമൊരു സമീപനം എടുക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധിക്കുന്നവരെ ഒതുക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു.
സോണിയ ഗാന്ധിയെയും രാഹൂൽ ഗാന്ധിയെയും വേട്ടയാടുകയും പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ഏകാധിപത്യ പ്രവണതകളോട് സമരം ചെയ്യേണ്ട സ്ഥിതിയാണ് ഇന്ത്യയിൽ. ഇന്ത്യൻ ജനത 75 വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്നും പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിൽ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശവും ഉൾപ്പെടുമെന്ന് ബിജെപി സർക്കാരിനോട് ഓർമപ്പെടുത്തേണ്ടി വരികയാണ്. സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള കേവലം ഒരു ദിനം മാത്രമല്ലെന്നും രാജ്യത്തെ ഓരോ പൗരനും ഓരോ ദിവസവും അനുഭവിക്കാൻ കഴിയേണ്ടതാണെന്ന് ഭരണകൂടം മനസ്സിലാക്കണം.- സാദിഖലി തങ്ങൾ വ്യക്തമാക്കി.