ഷാജൻ സ്കറിയക്ക് ശത്രുരാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടാകാം: പി.വി അൻവർ എം.എൽ.എ
|രാജ്യത്തിന്റെ സുരക്ഷയെ തന്നെ വിറ്റ് കാശാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഷാജൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി.വി അൻവർ എം.എൽ.എ.
ഷാജൻ സ്കറിയക്ക് ശത്രുരാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടാകാമെന്നും രാജ്യത്തിന്റെ സുരക്ഷയെ തന്നെ വിറ്റ് കാശാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഷാജൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി.വി അൻവർ എം.എൽ.എ. 'ഷാജൻ തൻ്റെ വീഡിയോയിലൂടെ കേരള പോലീസല്ല ഇന്ത്യയിലെ ഏത് ഏജൻസി ശ്രമിച്ചാലും തന്നെ പിടിക്കാൻ കഴിയില്ലെന്നും അതിനുള്ള ശേഷിയും സഹായിക്കാൻ ആളുകളും തനിക്കുണ്ടെന്നും പറയുമ്പോൾ, അദ്ദേഹത്തിന് വിദേശ ഏജൻസികളുടെയും ശത്രുരാജ്യങ്ങളുടെയുമൊക്കെ സഹായം പലവഴിക്കും കിട്ടുന്നുണ്ടാകും' എം.എൽ.എ പറഞ്ഞു.
ഇപ്പോൾ രാജ്യത്തിൻ്റെ സുരക്ഷയെ തന്നെ വിറ്റു കാശാക്കുന്ന അവസ്ഥയിലുള്ള പ്രവർത്തനങ്ങളാണ് ഷാജൻ നടത്തുന്നത്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് കേരളപോലീസിന്റ വയർലെസ് മെസേജുകൾ ചോർത്തിയെടുത്ത സംഭവം. ഒരു മടിയും കൂടാതെ കേരളപോലീസിനെ പോലും നിയന്ത്രിക്കുന്നത് താനാണെന്നും പൊലീസിന്റെ രഹസ്യമായ വിവരങ്ങളെല്ലാം തനിക്കറിയാമെന്നും അവകാശപ്പെടുകയാണ് ഷാജൻ. ഇതിൽ ശക്തമായ പൊലീസ് നടപടിയുണ്ടാവേണ്ടതുണ്ട്. അത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. ഈ വിഷയത്തിൽ ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയതായി പി.വി അൻവർ പറഞ്ഞു.
കേരള പോലീസിന് അന്വേഷണത്തിന് പരിമിതിയുണ്ട്. ഇതുവരെ സാജനെ പിടിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. മറുനാടൻ മലയാളി മാത്രമല്ല ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നതെന്നും ഓൺലൈൻ ചാനലുകൾ ഒരു മാഫിയ സംഘമായി പ്രവർത്തിക്കുകയാണെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.