ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ പുറത്താക്കണം; സജി ചെറിയാൻ കേരളത്തിന് അപമാനം, രാജിവെക്കണം - സാന്ദ്രാ തോമസ്
|ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞു സംരക്ഷിക്കുന്നമന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് പുറത്തുവന്നത്
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ സംരക്ഷിക്കുന്ന സാംസ്കാരിക മന്ത്രിയുടെ നിലപാട് അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന് അപമാനവുമാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്.
സാംസ്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞു സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ സർക്കാർ പുറത്താക്കുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം
*സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു
ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് .സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ദേഹഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.
ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവർമെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ 'മഹാപ്രതിഭ ' എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജി വെക്കുക .