Kerala
saji cheriyan on congress
Kerala

തിരുത്തില്ല, ഭരണഘടനയെ കുറിച്ച് പറഞ്ഞത് ശരി തന്നെയെന്നുറച്ച് സജി ചെറിയാൻ

Web Desk
|
18 Jan 2024 2:33 PM GMT

താൻ പറഞ്ഞത് ശരിയായിരുന്നു എന്ന് കുറച്ചുനാൾ കഴിയുമ്പോൾ മനസിലാകുമെന്നും സജി ചെറിയാൻ പറഞ്ഞു

കൊല്ലം: ഭരണഘടനയെക്കുറിച്ചു താൻ പറഞ്ഞതു ശരിയാണെന്നും അതിൽ ഒരു മാറ്റവും ഇല്ലെന്നും മന്ത്രി സജി ചെറിയാൻ. ആ പരാമർശങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ കുറച്ചുനാൾ കഴിയുമ്പോൾ അത് അറിഞ്ഞു കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ആധുനിക നിലവാരത്തിൽ നിർമിക്കുന്ന ഫിഷ് മാർക്കറ്റിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സജി ചെറിയാൻ. പാഠപുസ്തകങ്ങളുടെ തുടക്കത്തിൽ ഭരണഘടനയുടെ ആമുഖം വരുന്നത് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയായാണ് സജി ചെറിയാൻ ഇക്കാര്യം വിശദീകരിച്ചത്.

2022 ജൂലൈ മൂന്നിനാണ് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കവേ ആയിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌ എന്നായിരുന്നു സജി ചെറിയാന്റെ ആരോപണം.

തുടർന്ന് രൂക്ഷ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഭരണകൂടത്തെയാണ് വിമർശിക്കാൻ ശ്രമിച്ചതെന്നും ഭരണഘടനയെന്ന് പറഞ്ഞത് നാക്കുപിഴയാണെന്നും അദ്ദേഹം തുടക്കം മുതൽ വാദിക്കുകയും ചെയ്തിരുന്നു. ശേഷം 2023 ജനുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരികെ എത്തുകയായിരുന്നു.

Similar Posts