'കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം'; 'ദി കേരള സ്റ്റോറി'ബഹിഷ്കരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
|'നിയമ നടപടിക്കുള്ള സാധ്യത പരിശോധിക്കും'
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന സിനിമക്ക് പിന്നിലുണ്ട്. എല്ലാ മതസ്തരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാനാണ് നീക്കം. നിയമ നടപടിക്കുള്ള സാധ്യത പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്നാണ് സിനിമയുടെ ട്രെയിലറിൽ പറയുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയത്തിന്റെ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മതസ്പർദ്ധയും ശത്രുതയും വർധിപ്പിക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നല്കരുതെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
സിനിമയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 'ദി കേരള സ്റ്റോറി'ക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ പരാതി ലഭിച്ചിട്ടും നടപടി വൈകുന്നത് ശരയില്ലെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനും എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് സോളിഡാരിറ്റിയും ഇന്ത്യാവിരുദ്ധ മനോഭാവം പുലർത്തുന്ന വിധ്വംസക ശക്തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിർമ്മിച്ചത് എന്ന് കേന്ദ്രം അന്വേഷിക്കണമെന്ന് എസ് വൈ എസും ആവശ്യപ്പെട്ടു.