സജി ചെറിയാൻ തിരുവനന്തപുരത്തെ ഓഫീസിലെത്തി; വൈകുന്നേരത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും
|മന്ത്രി രാജി വെക്കുമോ എന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല.
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു എന്ന വിവാദങ്ങൾക്കിടെ രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്തെ ഓഫീസിലെത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് മന്ത്രി ഓഫീസിലെത്തിയത്. തന്റെ ഔദ്യോഗിക ജോലികൾ ചെയ്യുന്നത് മന്ത്രി തുടരുകയാണ് എന്നാണ് സൂചന. അതിനിടെ ഏതാനും എം.എൽ.എയെ മന്ത്രിയെ കാണാനെത്തി. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ സജി ചെറിയാൻ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും രാജിവെക്കില്ലെന്ന് സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എകെജി സെന്റെറിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- മന്ത്രി പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മിൽ നിന്നോ സർക്കാരിൽ നിന്നോ ഔദ്യോഗികമായി യാതൊരു തീരുമാനം പുറത്തു വന്നിട്ടില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
എന്നാൽ മന്ത്രി രാജി വെക്കുമോ എന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രിയുടെ വിമർശനം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, സ്വർണക്കടത്ത് ആരോപണം രണ്ടാം എപ്പിസോഡ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തുടങ്ങിയ പ്രതിസന്ധികളും വിവാദങ്ങളും സിപിഎമ്മിനെയും പിണറായി സർക്കാരിനെയും വിടാതെ പിന്തുടരുകയാണ്. പാർട്ടി ആസ്ഥാനം ആക്രമിക്കപ്പെട്ടിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഗവർണർ മുതൽ രാഷ്ട്രപതിക്ക് വരെ സജി ചെറിയാനെതിരെ പരാതികൾ പോയി കഴിഞ്ഞു. കോടതികളിലും വൈകാതെ പരാതികൾ എത്തും. ഇതൊക്കെ മറികടക്കുന്നത് സർക്കാരിന് അത്ര എളുപ്പമാകില്ല.