കെ- റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ ഗൂഢാലോചന; എൽ.ഡി.എഫ് തുടർഭരണം ഇല്ലാതാക്കുക ലക്ഷ്യമെന്ന് സജി ചെറിയാൻ
|കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെ- റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിൽ എൽ.ഡി.എഫിന്റെ തുടർഭരണം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധങ്ങൾ നടത്തുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ശാരീരികമായും വ്യക്തിപരമായും ആക്ഷേപിച്ച് മാനസികമായി തകർക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ വികസ പദ്ധതിയെ താറടിച്ചുകാണിക്കുകയാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. നിലവില്‍ നടക്കുന്നത് വസ്തു ഏറ്റെടുക്കാന്‍ വേണ്ടിയുള്ള കല്ലിടലല്ല. പാരിസ്ഥിതികാഘാത പഠനമാണെന്നും മന്ത്രി പറഞ്ഞു.
കേരളനിയമസഭയില്‍ പ്രതിപക്ഷം എല്ലാം അംഗീകരിച്ചതല്ലേയെന്നും മന്ത്രി ചോദിച്ചു. ജനങ്ങളെ ഒരിക്കലും കൈവിടില്ലെന്നും ജനങ്ങളെ ചേര്‍ത്തുപിടിച്ച് മാത്രമേ മുന്നോട്ട് പോകൂവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ബി.ജെ.പിയും കോണ്‍ഗ്രസും മറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘടനകളും ഒന്നിച്ച് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.