'മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിയില്ല'; ശ്രീകുമാരൻ തമ്പി പറഞ്ഞത് ഗൗരവത്തിലെടുക്കുമെന്ന് മന്ത്രി
|യാത്രാ ബത്ത കുറഞ്ഞെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്ക് കാരണം ഓഫീസിലെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള ഗാനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ശ്രീകുമാരൻ തമ്പിയുമായി സംസാരിക്കുമെന്നും അദ്ദേഹത്തെ ചേർത്തു പിടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകം കണ്ട മഹാനായ എഴുത്തുകാരനും കവിയുമാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹം പറഞ്ഞ കാര്യത്തെ ചെറുതായി കാണുന്നില്ല. അതിന്റെ ഗൗരവത്തിൽ തന്നെ ആ വിഷയത്തെ കാണുകയും ചർച്ച ചെയ്യുകയും ചെയ്യും. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ കേൾക്കും. അതിന് മറുപടി പറയേണ്ട ബാധ്യതയിൽ നിന്നും താൻ ഒഴിയില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. യാത്രാ ബത്ത കുറഞ്ഞെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്ക് കാരണം ഓഫീസിലെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സാഹിത്യ അക്കാദമി യിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവർ തന്നെ പരിഹരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾക്ക് ഭാരവാഹികൾ മറുപടി നൽകിയിട്ടുണ്ടെന്നും പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.