ജൂലൈ മാസത്തെ ശമ്പള വിതരണം; 65 കോടി ആവശ്യപ്പെട്ട് കെ.എസ്. ആർ.ടി.സി
|ജൂലൈയിലെ ശമ്പളം ആഗസ്റ്റ് 5ന് മുന്നെ കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടു. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് 5ന് മുന്നെ കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുള്ളത്. അതേ സമയം ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും 30 കോടിരൂപ കിട്ടിയാല്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കൂടി ശമ്പളം നല്കാന് കഴിയൂ.
സർക്കാർ അനുവദിച്ച 30 കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നൽകാൻ നേരത്തെ നിശ്ചയിച്ചിരുന്നു. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നൽകുന്നത്.
മെക്കാനിക്കൽ,മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇത് വരെ ശമ്പളം ലഭിച്ചിട്ടില്ല . ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുത്തത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. നീക്കിയിരിപ്പായി കെഎസ്ആര്‍ടിസി യുടെ കയ്യിൽ ഒന്നുമില്ല. 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് 8 ദിവസം മുമ്പ് നൽകിയ ഫയൽ ധനവകുപ്പ് കണ്ട ഭാവം നടിച്ചിട്ടില്ല. നേർത്തെ 30 കോടി നൽകിയതിനാൽ കൂടുതൽ തുക അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
സര്‍ക്കാര്‍ സഹായം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം കെഎസ്ആര്‍ടിസി നേരെത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ കൈവശം നീക്കിയിരിപ്പു തുകകള്‍ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. എല്ലാ മാസവും 65 കോടി രൂപയാണ് സര്‍ക്കാറിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നത്. മാസങ്ങളായി കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണ്. ഇതിനെതിരെ ഇതിനോടകം തന്നെ നിരവധി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു