Kerala
Child Rights Commission
Kerala

ബാലാവകാശ കമ്മീഷൻ മെമ്പർമാർ‌ക്ക് ഇനി ഗവൺമെന്റ് സെക്രട്ടറിയുടെ ശമ്പളം

Web Desk
|
17 April 2023 3:09 AM GMT

ദത്ത് വിവാദത്തിൽ ആരോപണം നേരിട്ട എൻ.സുനന്ദയുടെ നിയമനം നേരത്തെ വിവാദമായിരുന്നു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ മെമ്പർമാർ‌ക്ക് ശമ്പളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരവിറങ്ങി. സംസ്ഥാന ബാലാവകാശ കമ്മീഷൻ മെമ്പർക്ക് ഗവൺമെന്റ് സെക്രട്ടറിക്ക് തുല്യമായ ശമ്പളമാണ് ഇനി മുതൽ ലഭിക്കുക. ബാലാവകാശ കമ്മീഷൻ അംഗം എൻ. സുനന്ദക്കും ടി.സി. ജലജമോൾക്കും ഗവൺമെന്റ് സെക്രട്ടറിമാർക്ക് തുല്യമായ ശമ്പളവും ആനുകൂല്യവും നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്.

ഐ.എ.എസ് ലഭിച്ച് സർവിസിൽ കയറി ഇരുപത് വർഷം കഴിയുമ്പോൾ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ ഐ.എ.എസുകാർക്ക് ലഭിക്കുന്ന തസ്തികയാണ് ഗവൺമെന്റ് സെക്രട്ടറി പദവി . പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികയിൽ സിനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ ഐ. എ.എസുകാർക്ക് പ്രൊമോഷൻ ലഭിക്കും. 20 വർഷം കൊണ്ട് ഐ.എ.എസുകാർ എത്തുന്ന ഗവൺമെന്റ് സെക്രട്ടറിയുടെ റാങ്കും ശമ്പളവും ആണ് ബാലാവകാശ കമ്മീഷൻ അംഗമാകുന്നവർക്ക് ലഭിക്കുന്നത്.

യാത്ര ചെയ്യുന്നതിന് ടി.എ , സൌജന്യ ചികിത്സ , സഞ്ചരിക്കാൻ കാർ എന്നിവയും ശമ്പളം കൂടാതെ മൊബൈൽ ഫോൺ , വീട്ടിലേയും ഓഫിസിലേയും ഫോൺ , ബ്രോഡ് ബാൻഡ് ചാർജ് എന്നിവയ്ക്ക് ചെലവാകുന്ന തുകയും ഇവർക്ക് സർക്കാർ നൽകും. ഇത് കൂടാതെ വീട്ട് വാടക അലവൻസായി 40000 രൂപയും ഓരോ മാസവും ലഭിക്കും. വനിത ശിശു വികസന വകുപ്പിൽ നിന്ന് ഈ മാസം 13 നാണ് ഇവരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതിൽ ആരോപണവിധേയയായ സുനന്ദയെ ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചത് വിവാദമായിരുന്നു. ദത്ത് വിവാദ സമയത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു സുനന്ദ. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും സുനന്ദ ദത്തു തടഞ്ഞില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോട്ടിൽ പരാമർശമുണ്ടായിരുന്നു. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പൊലീസിനെ അറിയിക്കാനോ താൽക്കാലിക ദത്ത് നടപടി നിർത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ ആയ അഡ്വ.എൻ.സുനന്ദ തയാറായിരുന്നില്ല. ഇക്കാര്യം സംഭവത്തെ കുറിച്ച് അന്വേഷിച്ച വകുപ്പ് തല അന്വേഷണ റിപ്പോർട്ടിലും പ്രതിപാദിച്ചിട്ടുണ്ട്. അനധികൃതമായി താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പൊലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സർക്കാർ ആർക്കെതിരെയും ഒരു നടപടിയും എടുത്തില്ല. നടപടി എടുത്തില്ലെന്ന് മാത്രമല്ല, താൽകാലിക ദത്ത് തടയാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സനായ സുനന്ദയെ 2022 ആഗസ്റ്റ് മാസം കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദവിയും നൽകുകയായിരുന്നു.

Similar Posts