Kerala
മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; കാണാന്‍ പോലും സമ്മതിക്കുന്നില്ലെന്ന് ഖുര്‍റം അനീസ്
Kerala

മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; കാണാന്‍ പോലും സമ്മതിക്കുന്നില്ലെന്ന് ഖുര്‍റം അനീസ്

എം.കെ ഷുക്കൂര്‍
|
5 Nov 2021 1:58 PM GMT

ഉത്തരേന്ത്യയിലേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട് : കോവിഡിന് ശേഷം ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ എം.പിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടുമായ അബ്ദുസ്സമദ് സമദാനിക്ക് രൂക്ഷ വിമര്‍ശം. അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോഴാണ് സമദാനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്. സമദാനിയെ പോലെ പ്രമുഖനായ, ഉറുദു ഭാഷ അറിയാവുന്ന നേതാവിന്റെ ഒരു സേവനവും ഡല്‍ഹിയിലോ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്ന് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് പറഞ്ഞു.

ഡല്‍ഹിയിലുള്ള സമദാനിയെ കാണാന്‍ പലവട്ടം ശ്രമിച്ചിട്ടും അദ്ദേഹം തനിക്ക് അനുമതി നല്‍കിയില്ല. പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം അനിവാര്യമായ പ്രദേശങ്ങളിലേക്ക് പലവട്ടം ക്ഷണിച്ചിട്ടും വരാന്‍ തയ്യാറായില്ലെന്നും സംഘപരിവാറിന്റെ കനത്ത വെല്ലുവിളി നേരിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖുര്‍റം അനീസ് വികാരഭരിതനായി പറഞ്ഞു. മുസ്ലിം സമുദായം കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടി അടങ്ങിയിരിക്കരുത്. സമുദായത്തെ അഭിസംബോധന ചെയ്തേ പറ്റൂവെന്നും ഖുര്‍റം കൂട്ടിച്ചര്‍ത്തു.

മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രശ്നമാണെന്നും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സമദാനിയുടെ വിശദീകരണം. എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പി.വി അബ്ദുൽ വഹാബ് എഴുന്നേറ്റു. ഇ. അഹമ്മദ് എം.പിയും കേന്ദ്രമന്ത്രിയും ആയിരുന്നപ്പോൾ കേരളത്തിന്റെയും രാജ്യത്തിന്റെയയും യു.എന്നിലെയും വരെ കാര്യങ്ങൾ ഒരേസമയം നോക്കിയിരുന്നുവെന്നും സമദാനിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വഹാബ് പറഞ്ഞു.

പാര്‍ട്ടി എം.പിമാരായ പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കുറ്റപ്പെടുത്തി. താനും ഖുര്‍റം അനീസും മാത്രമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോകുന്നത്. ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന തനിക്ക് ഉത്തരേന്ത്യയിലെ പാര്‍ട്ടി പരിപാടികള്‍ക്കുള്ള ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഇ.ടി പറഞ്ഞു. ദേശീയതലത്തിലുള്ള പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നും ഇ.ടി യോഗത്തില്‍ ഉന്നയിച്ചു.

താന്‍ ദേശീയ ട്രഷറര്‍ ആയിരുന്നപ്പോള്‍ ഫണ്ടിന് ഒരു കുറവുമുണ്ടായിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് നിലവിലെ ദേശീയ ട്രഷററായ പി.വി അബ്ദുല്‍ വഹാബിന് ഇഷ്ടമായില്ല. പാര്‍ട്ടി ഫണ്ടില്‍ പണമില്ലാത്തത് കൊണ്ട് നല്‍കാനാവില്ല. ട്രഷറര്‍ ഒരു ആലങ്കാരിക പദവി മാത്രമാണെന്നും വഹാബ് പറഞ്ഞു. ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ യോഗം തീരുമാനിച്ചു. എം.പി മാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതലകളും നല്‍കി.

യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. 500 വോട്ട് പോലും കിട്ടാത്ത സ്ഥലങ്ങളില്‍ മത്സരിക്കേണ്ടതില്ലെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, ഉത്തരേന്ത്യയിലെ എസ്.ഡി.പി.ഐയുടെ സജീവ സംഘാടനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരു പ്രതിനിധി എടുത്തു പറഞ്ഞു.

യൂത്ത് ലീഗിന്റെ ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് ടി.പി അഷ്റഫലിയും ഫൈസല്‍ ബാബുവും ആവശ്യപ്പെട്ടു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കമ്മിറ്റിയുണ്ടാക്കി ദേശീയ കൗണ്‍സില്‍ രൂപീകരിച്ച ശേഷം ദേശീയ കമ്മിറ്റി രൂപീകരിക്കാമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

വനിതാ ലീഗ് ദേശീയ അധ്യക്ഷ തഷ്‍രീഫ് ജഹാന്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം സജീവമല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്ന് തന്നെയുള്ള ഫാത്തിമ മുസഫറിന് ചുമതല നല്‍കി.

കോഴിക്കോട് ലീഗ് ഹൗസില്‍ രാവിലെ ആരംഭിച്ച യോഗം വൈകീട്ടാണ് അവസാനിച്ചത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഭൂരിഭാഗം നേതാക്കളും മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു.

Similar Posts