Kerala
ലണ്ടനിൽനിന്ന് വന്ന ആ ഫോൺകോള്‍
Kerala

ലണ്ടനിൽനിന്ന് വന്ന ആ ഫോൺകോള്‍

Web Desk
|
7 Oct 2021 6:38 PM GMT

ഭക്തിഗാനം പാടുമ്പോൾപോലും ആടുകയും തുള്ളുകയും ചെയ്യുന്ന അരോചകത്വം അരങ്ങുവാഴുന്നൊരുകാലത്ത് അത്തരം താഴ്ചകളിൽ നിന്നെല്ലാം മനോജിന്റെ കലാസപര്യ മുക്തമായിരിക്കുന്നുവെന്നും സമദാനി ഫേസ്ബുക്കിൽ കുറിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ പുത്രി ഫാത്തിമ ബീവിയെക്കുറിച്ചുള്ള നടൻ മനോജ് കെ ജയന്റെ മനോഹരഗാനത്തിന് പ്രശംസയുമായി മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി.

വിശുദ്ധ ഫാത്തിമയുടെ മഹത്വത്തിന്റെയും അവരോടുള്ള തലമുറകളുടെ ആദരാതിരേകത്തിന്റെയും വൈകാരികതലങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഭക്തിഗാനം പാടുമ്പോൾപോലും ആടുകയും തുള്ളുകയും ചെയ്യുന്ന അരോചകത്വം അരങ്ങുവാഴുന്നൊരുകാലത്ത് അത്തരം താഴ്ചകളിൽ നിന്നെല്ലാം മനോജിന്റെ ഈ കലാസപര്യ മുക്തമായിരിക്കുന്നുവെന്നും സമദാനി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ലണ്ടനിൽനിന്ന് നടൻ തന്നെ നേരിട്ട് വിളിച്ച് പാട്ട് കേൾക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാട്ടിൽ വന്ന ചെറിയ സ്ഖലിതവും സമദാനി സൂചിപ്പിച്ചിട്ടുണ്ട്. ''ഗാനത്തിന്റെ തുടക്കത്തിൽ 'മുത്തു നബീനക്കോമനയായ് ' എന്ന് പറയുന്നിടത്ത് വരിയിൽ ചെറിയൊരു സ്ഖലിതം വന്നുപോയിട്ടുണ്ട്. മുത്തുനബി എന്നാണ് ശരിയായ വാക്ക്. മുത്തുനബീന എന്നത് പിശകാണ്. ശ്രീ മനോജ് കെ. ജയനെക്കൊണ്ട് ഇനി ഇതേ ഗാനം പാടിപ്പിക്കുമ്പോൾ അത് തിരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു''-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഴുവന്‍ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മിനിഞ്ഞാന്ന് ഒരു പൊതുപരിപാടിയിലേക്ക് പോകവെ, യാത്രക്കിടയിൽ ബഹുമാന്യ സുഹൃത്ത് ശ്രീ മനോജ് കെ. ജയന്റെ ഒരു ഫോൺവിളി വന്നു. ലണ്ടനിൽ നിന്നായിരുന്നു അദ്ദേഹം സംസാരിച്ചത്. ഒരു ശുഭവൃത്താന്തം അറിയിക്കാനായിരുന്നു വിളിച്ചത്. അദ്ദേഹം ഒരു പാട്ട് പാടിയിരിക്കുന്നു. അതൊന്നു കേൾക്കണം. അദ്ദേഹം ഉടനെ പാട്ട് അയച്ചുതരികയും ചെയ്തു.

നൈസർഗികതയും തനിമയും മൗലികതയും മേളിച്ചുനിൽക്കുന്ന സർഗക്രിയയുടെയും കലാപ്രക്രിയയുടെയും ആവിഷ്‌കാരമാണ് മനോജ് കെ. ജയന്റെ വ്യക്തിത്വസിദ്ധി. അഭിനേതാവ് എന്നതോടൊപ്പം ഗായകൻ കൂടിയാണദ്ദേഹം. ഇതിനു മുമ്പും അദ്ദേഹം ഗാനാലാപനം നിർവ്വഹിച്ചിട്ടുണ്ടെങ്കിലും ഈ രാഗാവിഷ്‌കാരം അദ്ദേഹത്തിലെ ഭാവഗായകന്റെ നൂതനമായ സങ്കേതങ്ങൾ അനാവരണം ചെയ്യുന്നതാണ്.

കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ അസംഖ്യം ശ്രോതാക്കളെ ആകർഷിച്ച മനോജിന്റെ ഈ സ്വരസിന്ധു പ്രവാഹം തുടരുകയാണ്. അതിന്റെ വിജയവൈജയന്തിക്കായി സർവ്വ മംഗളങ്ങളും നേർന്നുകൊള്ളുന്നു.

മനോജ് കെ. ജയൻ കേരളീയ സംഗീത പൈതൃകചരിത്രത്തിൽ ഗഹനവും സമ്മോഹനവുമായ അധ്യായം തീർത്ത ജയവിജയന്മാരായ സഹോദരദ്വയത്തിലെ ജയന്റെ മകനാണെന്ന കാര്യം വർഷങ്ങൾക്ക് മുമ്പെ ആദ്യമറിഞ്ഞപ്പോൾ എനിക്കുണ്ടായ കൗതുകവും വിസ്മയവും ചെറുതായിരുന്നില്ല. മുഗ്ധസൗന്ദര്യം നിറഞ്ഞ ശുദ്ധസംഗീതത്തിന്റെ ധ്വനിമുഴങ്ങുന്നൊരു ലോകത്ത്, രാമായണത്തിലെ ലവകുശന്മാരുടെ പാരസ്പര്യപാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ജയവിജയന്മാരുടെ കുടുംബത്തിൽനിന്ന് വരുന്ന മനോജ് കെ. ജയന് ഇനിയും ഈ പാതയിൽ ഏറെ മുന്നോട്ട് പോകാനാകും.

മനോജ് കെ. ജയൻ പാടിയ ഈ ഗാനത്തിന്റെ ഇതിവൃത്തം പ്രവാചകപുത്രി സയ്യിദ ഫാത്തിമയാണ്. വിശുദ്ധ ഫാത്തിമയുടെ മഹത്വത്തിന്റെയും അവരോടുള്ള തലമുറകളുടെ ആദരാതിരേകത്തിന്റെയും വൈകാരികതലങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഭക്തിഗാനം പാടുമ്പോൾപോലും ആടുകയും തുള്ളുകയും ചെയ്യുന്ന അരോചകത്വം അരങ്ങുവാഴുന്നൊരുകാലത്ത് അത്തരം താഴ്ചകളിൽ നിന്നെല്ലാം മനോജിന്റെ ഈ കലാസപര്യ മുക്തമായിരിക്കുന്നു.

ഗാനത്തിന്റെ രചന നിർവ്വഹിച്ച ഫൈസൽ പൊന്നാനിക്കും അത് ചിട്ടപ്പെടുത്തിയ അൻഷദ് തൃശ്ശൂരിനും അഭിനന്ദനങ്ങൾ. ഗാനത്തിന്റെ തുടക്കത്തിൽ 'മുത്തു നബീനക്കോമനയായ് ' എന്ന് പറയുന്നിടത്ത് വരിയിൽ ചെറിയൊരു സ്ഖലിതം വന്നുപോയിട്ടുണ്ട്. മുത്തുനബി എന്നാണ് ശരിയായ വാക്ക്. മുത്തുനബീന എന്നത് പിശകാണ്. ശ്രീ മനോജ് കെ. ജയനെക്കൊണ്ട് ഇനി ഇതേ ഗാനം പാടിപ്പിക്കുമ്പോൾ അത് തിരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു.

ശ്രീ മനോജ് കെ. ജയനെ കോവിഡ് കാലത്തിനു മുമ്പ് കണ്ടത് ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിൽ നടന്ന ഗുരുജയന്തിയിൽ വച്ചായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുവിന്റെ പേരിലുള്ളൊരു പുരസ്‌കാരം നൽകാനും എനിക്ക് അവസരം കൈവന്നു. കലാലോകത്തെ ഔന്നത്യത്തിൽ വിരാചിക്കുമ്പോഴും വിനയലാളിത്യത്തിന്റെ ആൾരൂപമാണ് മനോജിലെ മനുഷ്യൻ. ജീവിതാവിഷ്‌കാരത്തിന്റെ നടനപ്രക്രിയയിലും ഗാനാലാപനത്തിന്റെ സ്വരവിന്യാസാരോഹണത്തിലും എന്നും മനോജ് ഉച്ചസ്ഥായിയിലായിരിക്കട്ടെ!

Similar Posts