'വ്യക്തി-രാഷ്ട്രീയ താല്പര്യങ്ങൾ കടന്നു കൂടി': കെ.ടി ജലീലിന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം
|ഇന്ന് പുറത്തിറങ്ങിയ ലക്കത്തിലാണ് പ്രസിദ്ധീകരണം നിർത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്
കെ.ടി ജലീലിന്റെ ആത്മകഥ 'പച്ച കലർന്ന ചുവപ്പി'ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. അവിചാരിതമായ കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് പത്രാധിപ സമിതിയുടെ അറിയിപ്പ്.
വ്യക്തി-രാഷ്ട്രീയ താല്പര്യങ്ങൾ ആത്മകഥയിൽ കടന്നു കൂടിയെന്ന് വിലയിരുത്തിയ പത്രാധപ സമിതി ബൗദ്ധിക സത്യസന്ധത ആത്മകഥയിൽ പാലിച്ചില്ലെന്നും നിരീക്ഷിച്ചു.
ഏറെ കൊട്ടിഘോഷിച്ചാണ് വാരിക ആത്മകഥയുടെ പ്രസിദ്ധീകരണമാരംഭിച്ചത്. ഇതുവരെ 21 ലക്കം പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറങ്ങിയ ലക്കത്തിലാണ് അവിചാരിതമായ കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.
കൃത്യസമയത്ത് എഴുതി നൽകുന്നതിൽ കെ.ടി ജലീൽ വീഴ്ച വരുത്തിയെന്നും രണ്ട് ലക്കങ്ങൾക്കായി എഴുതി നൽകിയ പല കുറിപ്പുകളും എഡിറ്റ് ചെയ്ത് ഒരു ലക്കത്തിലേക്ക് ചുരുക്കേണ്ടി വന്നിട്ടുണ്ടെന്നും പത്രാധിപ സമിതി പറയുന്നു.ലോകായുക്ത സിറിയക് തോമസ് അടക്കമുള്ളവരെ ലക്ഷ്യം വെച്ചുകൊണ്ട് ആത്മകഥയിലുള്ള ചില പ്രസ്താവനകൾ പ്രസിദ്ധീകരണം നിർത്താനുള്ള കാരണമായി പത്രാധിപർ ചൂണ്ടിക്കാട്ടുന്നുണ്ട്.