Kerala
bahaudin nadvi
Kerala

ബഹാഉദ്ദീൻ നദ്‍വിയുടെ വിശദീകരണം അംഗീകരിച്ച് സമസ്‌ത; കൂടുതൽ ചർച്ചയില്ല

Web Desk
|
5 Jun 2024 12:12 PM GMT

സുപ്രഭാത്തിന്റെ നയംമാറ്റം, നേതാക്കളുടെ സിപിഎം ആഭിമുഖ്യം എന്നിവ സംബന്ധിച്ച പരസ്യ പ്രതികരണത്തിലായിരുന്നു നദ്‍വിയോട് വിശദീകരണം തേടിയത്

മലപ്പുറം: കേന്ദ്ര മുശാവറാ അംഗം ഡോ. ബഹാഉദ്ദീൻ നദ്‍വിയുടെ വിശദീകരണം അംഗീകരിച്ച് സമസ്ത. നദ്‍വി നൽകിയ വിശദീകരണത്തോടെ ആ വിഷയം അവസാനിച്ചെന്നും കൂടുതല്‍ ചർച്ചയില്ലെന്നു ജിഫ്രി തങ്ങള്‍ മുശാവറയില്‍ പറഞ്ഞു. സുപ്രഭാത്തിന്റെ നയംമാറ്റം, നേതാക്കളുടെ സിപിഎം ആഭിമുഖ്യം എന്നിവ സംബന്ധിച്ച പരസ്യ പ്രതികരണത്തിലായിരുന്നു നദ്‍വിയോട് വിശദീകരണം തേടിയത്.

സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിമര്‍ശനം. എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ നയം മാറ്റത്തിനെതിരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. സമസ്തയുമായി ഭിന്നതയില്ലെന്നും സുപ്രഭാതവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ പത്രത്തിന് കൃത്യമായ പോളിസിയുണ്ടെന്നും യു.ഡി.എഫ് പരസ്യം ലഭിക്കാത്തതിനാലാണ് നൽകാതിരുന്നത് എന്നുമായിരുന്നു മാനേജ്ന്റ് വിശദീകരണം.

സമസ്‌ത നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ബഹാഉദ്ദീന്‍ നദ്‍വി മറുപടി നൽകിയിരുന്നു. തനിക്കെതിരെ ചൂണ്ടിക്കാട്ടിയ അച്ചടക്ക ലംഘനത്തിനുള്ള വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാമെന്നായിരുന്നു മറുപടി.

താൻ ഉന്നയിച്ചത് വിമർശനം അല്ല വസ്തുതകളാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നോട്ടീസ് നൽകുന്ന നടപടി സമസ്തയുടെ ഭരണഘടനയിൽ ഇല്ല. തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തു എന്നത് നടപടിയെടുത്തവരോട് ചോദിക്കണം. മുശാവറയിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുമെന്നും ബഹാവുദ്ധീൻ നദ്‍വി പറഞ്ഞിരുന്നു.

നദ്‍വിയോട് വിശദീകരണം ചോദിച്ചതില്‍ മുസ്‌ലിം ലീഗും സമസ്‌തയിലെ ലീഗ് അനുകൂല നേതാക്കളും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമർശനം കേന്ദ്ര മുശാവറ അംഗമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വി തന്നെ പരോക്ഷമായി രംഗത്തെത്തിയതോടെ ഇകെ വിഭാഗം സമസ്‌തയില്‍ ഭിന്നത രൂക്ഷമായിരുന്നു.

സമസ്‌തയിലെ തർക്കങ്ങള്‍ക്കിടെ ബഹാഉദ്ദീൻ നദ്‌വിയെ പുകഴ്‌ത്തി മുസ്‍ലിം ലീഗ് നേതൃത്വം രംഗത്തെത്തി. കർട്ടണ് പിന്നിൽ സമുദായത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവർക്ക് കൊടുക്കേണ്ടത് അപ്പോൾ തന്നെ ബഹാഉദ്ദീൻ നദ്‌വി കൊടുക്കാറുണ്ടെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. നദ്‌വിക്ക് കൊളത്തൂർ മൗലവി അവാർഡ് നൽകിയ ചടങ്ങിലായിരുന്നു സാദിഖ് അലി തങ്ങളുടെ പ്രതികരണം.

Similar Posts