ഏക സിവില്‍കോഡ്: സി.പി.എം സമരത്തിലേക്ക് ക്ഷണം ലഭിച്ചെന്ന് സമസ്ത
|പങ്കെടുക്കുന്ന കാര്യം സമസ്ത കൺവെൻഷൻ തീരുമാനിക്കുമെന്ന് സമ്‌സ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയത്തങ്ങൾ പറഞ്ഞു
തിരുവനന്തപുരം: ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണം ലഭിച്ചെന്ന് സമസ്ത. പങ്കെടുക്കുന്ന കാര്യം സമസ്ത കൺവെൻഷൻ തീരുമാനിക്കുമെന്ന് സമ്‌സ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയത്തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡിനെതിരായ സി.പി.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കണമോ എന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
'രാഷ്ട്രീയ മുതലെടുപ്പിനുള്ള ക്ഷണം ആണോ എന്ന് പരിശോധിക്കുമെന്നും പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.എ.എ-എൻ.ആർ.സി - വിഷയത്തിലെ കേസ് സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഏക സിവിൽ കോഡ് വിഷയത്തിലും പ്രതിഷേധങ്ങൾക്കെതിരെ കേസ് എടുക്കുമോ എന്നതിൽ വ്യക്തതയില്ല. ദേശീയ തലത്തിൽ കോണ്ഗ്രസിനൊപ്പം സി.പി.എം ഉണ്ട്. മറ്റു അജണ്ടകൾ പാടില്ല എന്നാണ് ലീഗിന്റെ നിലപാട്. വിഷയത്തിൽ വൈകാതെ തന്നെ മറുപടി നൽകും. രാഷ്ട്രീയ മുതലെടുപ്പിന് ആരും ഈ അവസരം ഉപയോഗിക്കരുത്'. പി.എം.എ സലാം പറഞ്ഞു.
അതേസമയം സിപി.എമ്മിനെ വീണ്ടും വിമർശിച്ച് സത്താർ പന്തല്ലൂർ രംഗത്തെത്തി. മതവും സമുദായവും നോക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അപകടകരമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. 'സമുദായങ്ങളെ വെവ്വേറെ കൈകാര്യം ചെയ്യുന്ന രീതി പുതിയ പ്രവണതയാണ്. മണിപ്പൂർ ജനജാഗ്രതാ സദസ്സിലേക്ക് കോൺഗ്രസ് മുസ്ലിം സമുദായത്തെ ക്ഷണിച്ചത് അഭിനന്ദനാർഹമാണ്. ശിക്ഷകരും രക്ഷകരും ആരാണെന്ന് തിരിച്ചറിയണം'. സാത്താർ പന്തല്ലൂർ പറഞ്ഞു.
എറണാകുളം ഡി.സി.സിയുടെ മണിപ്പൂർ ജനജാഗ്രതാ സദിസ്സിൽ സത്താർ പന്തല്ലൂർ പറഞ്ഞു.ഏക സിവിൽകോഡിനെതിരെ ഉയർന്നുവരുന്ന എല്ലാ ശബ്ദങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് സമസ്തക്കുള്ളത്. എന്നാൽ ഈ വിഷയത്തിൽ സി.പി.എം രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയം സമസ്തക്കകത്ത് ശക്തമാണ്. അത് തന്നെയാണ് സമസ്ത നേതാവും എസ്.കെ എസ്. എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താർ പന്തല്ലൂർ പറഞ്ഞത്. ഓരോ സമുദായത്തേയും വെവ്വേറെ കൈകാര്യം ചെയ്യാതെ ഏക സിവിൽകോഡ്, മണിപ്പൂർ പോലുള്ള വിഷയങ്ങൾ രാജ്യത്തിന്റെ പൊതു പ്രശ്നമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.