Kerala
Samasta students union against wafy course admission
Kerala

വാഫി കോഴ്‌സ് പ്രവേശനത്തിനെതിരെ സമസ്ത യുവജന വിദ്യാർഥി സംഘടനകൾ

Web Desk
|
28 March 2023 11:26 AM GMT

സാദിഖലി തങ്ങള്‍ വാഫി പ്രവേശനം അറിയിച്ച് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് സമസ്ത പോഷക സംഘടനകളടെ നീക്കം

സമസ്ത - സിഐസി തർക്കം മൂർഛിച്ച് നില്‍ക്കെ വാഫി കോഴ്സ് പ്രവേശനത്തിനെതിരെ സമസ്ത യുവജന വിദ്യാർഥി സംഘടനകള്‍. സാദിഖലി തങ്ങള്‍ വാഫി പ്രവേശനം അറിയിച്ച് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് സമസ്ത പോഷക സംഘടനകളുടെ നീക്കം. എസ്.കെ.എസ്.എസ് എഫ് കോഴിക്കോട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റികള്‍ കീഴ്ഘടകങ്ങള്‍ക്ക് കത്ത് നല്കി. സമസ്‌ത വിരുദ്ധ സ്ഥാപനങ്ങളിൽ കുട്ടികളെ ചേർക്കരുതെന്ന് എസ് വൈ എസ് വർക്കിങ് സെക്രട്ടറി നേതാവ് ഹമീദ് ഫൈസിയും പറഞ്ഞു.

വാഫി - വഫിയ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന നടപടികള്‍ തുടങ്ങിയതായി അറിയിച്ചുകൊണ്ട് ആദ്യ വീഡിയോ പുറത്തിറക്കിയത് സി ഐ സി പ്രസിഡന്റായ സാദിഖലി ശിഹാബ് തങ്ങളാണ്. പിന്നാലെ പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളും വാഫി കോഴ്സിലേക്ക് വിദ്യാർഥികളെ ചേർക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തി

ഈ ഘട്ടത്തിലാണ് ബഹിഷ്കരണാഹ്വാനങ്ങളുമായി സമസ്ത യുവജന സംഘടനകള്‍ രംഗത്തെത്തിയത്. സമസ്തയെ അനുസരിക്കാത്ത വിദ്യാഭ്യാസം നമുക്ക് വേണോ.? എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കിലെഴുതിയ കുറപ്പിലൂടെ എസ് വൈ എസ് വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവാണ് ആദ്യം രംഗത്തു വന്നത്. സമന്വയ വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോഴേക്ക് ചാടി വീഴരുതെന്നും സമസ്തയെ പരസ്യമായി വെല്ല് വിളിക്കുന്നവർ നമുക്ക് വേണ്ടെന്നും കുറപ്പില്‍ പറയുന്നു

വാഫി - വഫിയ സംവിധാനം സമസ്ത അംഗീകരിച്ചതല്ലെന്നും സംഘടനാ പ്രവർത്തകരും രക്ഷിതാക്കളും ശ്രദ്ധിക്കമമെന്നും പറയുന്ന കത്ത് എസ് കെ എസ് എസ് എസ് എഫ് മലപ്പുറം വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്കി. സമസ്ത നീക്കത്തോട് സി ഐ സി ഔദ്യോഗികമായോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രതികരിച്ചിട്ടില്ല.

ബദല് സംവിധാനം കൊണ്ടുവന്ന് വാഫി കോഴ്സുകള്‍ ഏറ്റെടുക്കാന്‍ സമസ്ത നീക്കം നടത്തുന്നതിനിടെയാണ് വാഫി കോഴ്സ് പ്രവേശത്തിന് സാദിഖലി തങ്ങള്‍ തന്നെ അറിയിപ്പ് നല്കുന്നത്. അതിനോടുള്ള അമർഷമാണ് സമസ്ത പോഷക സംഘടനകളിലൂടെ പുറത്തുവരുന്നത്.

Similar Posts