Kerala
എല്ലാ ഈഗോ ചിന്തകളും മാറ്റിവച്ച് കൂട്ടായി നയിക്കാൻ നേതൃത്വം തയാറാവണം- കോൺഗ്രസ് നേതാക്കൾക്ക് തുറന്ന കത്തുമായി സമസ്ത യുവനേതാവ്
Kerala

''എല്ലാ ഈഗോ ചിന്തകളും മാറ്റിവച്ച് കൂട്ടായി നയിക്കാൻ നേതൃത്വം തയാറാവണം''- കോൺഗ്രസ് നേതാക്കൾക്ക് തുറന്ന കത്തുമായി സമസ്ത യുവനേതാവ്

Web Desk
|
4 Jun 2022 1:57 PM GMT

''മതം തിരിച്ച് ആളുകളെ സമീപിച്ച് പരമാവധി വർഗ്ഗീയത കുത്തിവച്ച് വോട്ട് നേടാൻ ഭരണപക്ഷം നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. കാസാ എന്ന ക്രിസ്ത്യൻ വർഗ്ഗീയ സംഘത്തെ പരമാവധി പ്രീതിപ്പെടുത്തി. പക്ഷേ പി.ടി തോമസ് എന്ന തികഞ്ഞ മതനിരപേക്ഷതയുടെ ആൾരൂപം ഉഴുതുമറിച്ച് പാകപ്പെടുത്തിയ തൃക്കാക്കര മണ്ണിൽ അത് വിലപ്പോയില്ല''

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ വിജയത്തിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് തുറന്ന കത്തുമായി സമസ്ത യുവനേതാവ് നാസർ ഫൈസി കൂടത്തായി. എല്ലാ ഈഗോ ചിന്തകളും മാറ്റിവച്ച് കൂട്ടായി നയിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാവണം. വിജയം പാർട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.

അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാർട്ടിയെ മാത്രമല്ല; മതേതരത്വത്തെയാണ് ശിഥിലമാക്കുന്നതെന്ന് നേതാക്കൾ അറിയണമെന്നും നാസർ ഫൈസി പറഞ്ഞു. ഒരു കേന്ദ്രത്തിൽനിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്തുവരണം. തൃക്കാക്കര വിജയം നേതൃത്വത്തെ കൂടുതൽ വിനയാന്വിതരും കാര്യബോധ്യമുള്ളവരും ആക്കട്ടെ. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ ഫാസിസത്തെ പ്രതിരോധിക്കാൻ കരുത്തുള്ളവരാക്കട്ടെയെന്നാണ് മതേതരത്വത്തിന്റെ സിംഹഭാഗവും കരുതുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

നാസർ ഫൈസിയുടെ കത്തിൽനിന്ന്

നിങ്ങളുടെ കൂട്ടായ്മ നൽകിയ കരുത്തിലാണ് തൃക്കാക്കര വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന വലിയൊരു പാഠമുണ്ട്: മതം തിരിച്ച് ആളുകളെ സമീപിച്ച് പരമാവധി വർഗ്ഗീയത കുത്തിവച്ച് വോട്ട് നേടാൻ ഭരണപക്ഷം നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. കാസാ എന്ന ക്രിസ്ത്യൻ വർഗ്ഗീയ സംഘത്തെ പരമാവധി പ്രീതിപ്പെടുത്തി. പക്ഷേ പി.ടി തോമസ് എന്ന തികഞ്ഞ മതനിരപേക്ഷതയുടെ ആൾരൂപം ഉഴുതുമറിച്ച് പാകപ്പെടുത്തിയ തൃക്കാക്കര മണ്ണിൽ അത് വിലപ്പോയില്ല. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ജനത മതേതരത്വത്തെയും പാരസ്പര്യത്തെയും കാത്തുവച്ചു, പി.ടിയുടെ പിൻഗാമിയെ കണ്ടെത്തി.

മായം ചേർക്കാത്ത മതനിരപേക്ഷതയുടെ കരുത്തുണ്ടെങ്കിൽ അടുത്ത പാർലമെന്റിലും ഫാസിസത്തിന് ബദലാവാൻ കേരളത്തിൽനിന്ന് 20 അംഗങ്ങളെയും അയക്കാൻ കോൺഗ്രസിന് സാധിക്കും. 'ഇനിയൊരു ശബരിമല പ്രവേശം' അനുഗ്രഹിച്ചെത്തിക്കൊള്ളണമെന്നില്ല. നന്നായി കൂട്ടുത്തരവാദിത്തം വേണം.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള കോൺഗ്രസ് നേതാക്കളിലെ ചിലരുടെ അഹിതകരമായ പ്രതികരണമാണ് ഈ കുറിപ്പിന്നാധാരം. ലീഡ് പുരോഗമിക്കവെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു, റിസൽട്ട് പൂർണ്ണമായിവരട്ടെ.. എന്നിട്ട് കൃത്യമായി പ്രതികരിക്കാമെന്ന്. കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും ഉമ്മൻചാണ്ടിയും രമേഷ് ചെന്നിത്തലയും പ്രതികരിച്ചുകഴിഞ്ഞു. വിജയാവകാശത്തിന്റെ അഹമഹമികയാണ് ചാനലുകൾക്കുമുൻപിൽ പ്രകടിപ്പിച്ചത്. ഒരു പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡന്റുമുണ്ടല്ലോ നിലപാടുകൾ ഔദ്യോഗികമായി ആദ്യം പറയേണ്ടവർ അവരാണ്. സീനിയേഴ്‌സാണെങ്കിലും ഞാൻ ഞാൻ മുൻപിലെന്ന് വരുത്തുന്നത് എന്തിനാണ്?-കത്തിൽ അദ്ദേഹം ചോദിച്ചു. പിറ്റേ ദിവസമായപ്പോൾ ക്യാപ്റ്റൻ വിവാദ പുകിലും. ഇനി തമ്മിലകന്ന് എന്തൊക്കെ കാണാനിരിക്കുന്നു. എല്ലാ ഈഗോ ചിന്തകളും മാറ്റിവച്ച് കൂട്ടായി നയിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാവണം.

വിജയം പാർട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുത്. അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാർട്ടിയെ മാത്രമല്ല; മതേതരത്വത്തെയാണ് ശിഥിലമാക്കുന്നത് എന്ന് നേതാക്കൾ അറിയണം. ഒരു കേന്ദ്രത്തിൽനിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്തുവരണം. തൃക്കാക്കര വിജയം നേതൃത്വത്തെ കൂടുതൽ വിനയാന്വിതരും കാര്യബോധ്യമുള്ളവരും ആക്കട്ടെ.

പുതിയ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ ഫാസിസത്തെ പ്രതിരോധിക്കാൻ കരുത്തുള്ളവരാക്കട്ടെയെന്നാണ് മതേതരത്വത്തിന്റെ സിംഹഭാഗവും കരുതുന്നത്. പ്രത്യേകിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ. തെരഞ്ഞെടുപ്പും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുന്ന മൂന്നാം മോദി വരവിനെ ചെറുക്കാൻ കേരളത്തിന് ആവത് ചെയ്യാനുണ്ടെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം.

Summary: Leaders must be ready to put aside all ego thoughts and lead collectively: Samastha youth leader Nasar Faizy Koodathai in an open letter to Congress leaders

Similar Posts