Kerala
രാജ്യത്തുടനീളം പ്രവർത്തിക്കാൻ സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കും
Kerala

രാജ്യത്തുടനീളം പ്രവർത്തിക്കാൻ സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കും

Web Desk
|
9 Nov 2022 11:35 AM GMT

കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമക്ക് രൂപം നൽകുന്നു. കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം. നിലവിൽ കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ സമസ്തയുടെ മദ്‌റസകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ മത സ്ഥാപനങ്ങളുടെ അലുംനികളുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിയ വിവരം അറിയിച്ച അതേ വാർത്താകുറിപ്പിലാണ് സംഘടനയുടെ വിപുലീകരണവും പുറത്തുവിട്ടത്. സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അറിയിക്കുകയായിരുന്നു. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ ഹക്കീം ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടായതായി രേഖാമൂലം പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണ സമിതി അക്കാര്യം കണ്ടെത്തിയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് നടപടിയെന്നും പറഞ്ഞു. ഇന്ന് കോഴിക്കോട് സമസ്ത ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സമസ്തയും കേരളത്തിലെ വിവിധ മുസ്ലിം സ്ഥാപനങ്ങളുടെ സംയുക്ത വേദിയായ സിഐസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കുറച്ചുകാലമായി രൂക്ഷമായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇരു വിഭാഗവും പരസ്പരം വിമർശിക്കുന്നത് പതിവായിരുന്നു. സിഐസിയുടെ കീഴിൽ നടക്കുന്ന വഫിയ്യ കോഴ്‌സിൽ ചേരുന്ന പെൺകുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നുവെങ്കിലും ഒക്ടോബർ 20, 21 തിയ്യതികളിലായി കോഴിക്കോട്ട് നടന്ന വാഫി വഫിയ്യ കലോത്സവത്തിൽ നിന്നും സനദ്ദാനത്തിൽ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു. സ്ഥാപനങ്ങൾക്കായി സമസ്ത പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കൽ. എന്നാൽ അത്തരം ചട്ടങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നും നൽകാത്ത ചട്ടങ്ങളിൽ ഒപ്പുവെച്ചില്ലെന്ന് കാണിച്ചാണ് നേതാക്കൾ മാറിനിന്നതെന്നുമാണ് സിഐസി അധികൃതർ പറയുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ അധ്യക്ഷൻ. സമസ്തയുമായുള്ള തർക്കത്തിൽ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിൽ പ്രശ്നം പൂർണമായി പരിഹരിക്കാനായിരുന്നില്ല. മുസ്ലിംലീഗ് അധ്യക്ഷൻ കൂടിയായ സാദിഖലി തങ്ങൾ രാഷ്ട്രീയ പരിപാടികളിലായിരുന്ന സമയത്ത് ചർച്ചകൾ നീട്ടിവെച്ച ശേഷമാണ് വാഫി വഫിയ്യ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ സമസ്ത നേതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ സമസ്തയുടെ അണികൾ വാഫി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നില്ല. സമസ്ത നേതൃത്വത്തിന്റെ നിർദേശം തള്ളി എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വാഫി വഫിയ്യ സമ്മേളത്തിൽ പങ്കെടുത്തിരുന്നു. വഫിയ്യ കോഴ്സിന് ചേരുന്ന പെൺകുട്ടികൾ പഠനം പൂർത്തിയാകുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് കരാർ ഒപ്പുവെക്കണമെന്ന് സിഐസി നിബന്ധന വെച്ചിരുന്നു. എന്നാൽ ഇത് ഇസ്ലാമിക രീതിയല്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. സിഐസി ഭരണഘടനയിൽ കൊണ്ടുവന്ന മാറ്റങ്ങളും സമസ്തയുടെ അപ്രീതിക്ക് കാരണമായിരുന്നു. സിഐസിയുടെ രക്ഷാധികാരി സ്ഥാനം സമസ്തയുടെ പ്രസിഡൻറായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് മാറ്റിയിരുന്നത്.

എന്നാൽ സമസ്ത പ്രസിഡണ്ടിനെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സി അഡൈ്വസർ സ്ഥാനത്തുനിന്ന് മാറ്റി എന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും നിലവിൽ അദ്ദേഹം അഡൈ്വസർ തന്നെയാണെന്നും ഹക്കീം ഫൈസി വ്യക്തമാക്കിയിരുന്നു. ഭാവിയിൽ വേണ്ടി വന്നാൽ പ്രസിഡണ്ടിനും സെക്രട്ടറിക്കും മുശാവറ മെമ്പർമാർക്കും അഡൈ്വസറാകാൻ പറ്റും വിധം ഭരണഘടന മാറ്റിയിട്ടുണ്ട്. തികച്ചും സാങ്കേതികമായ നടപടിയാണിത്. ഈ ഭേദഗതിയിൽ ജാമിഅ നൂരിയ്യ പ്രസിഡണ്ട് അഡൈ്വസറല്ലാതായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. 90 സ്ഥാപനങ്ങൾ അംഗമായ സി.ഐ.സി യുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത ഒന്നൊഴികെയുള്ള സ്ഥാപനങ്ങൾ ഫെബ്രുവരി ആദ്യത്തിൽ നടന്ന ഭേദഗതിയോട് യോജിച്ചിട്ടുണ്ടെന്നും ഇക്കാര്യം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും അന്ന് അറിയിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സൊസൈറ്റിയാണ് സി.ഐ.സിയെന്നും അഡൈ്വസർമാരെയും മറ്റും തെരഞ്ഞെടുക്കാനുള്ള പരമാധികാരം ജനറൽ ബോഡിയിൽ നിക്ഷിപ്തമാണെന്നും പറഞ്ഞു.

അബ്ദുൽ ഹക്കീം ഫൈസിയുടെ ചില പ്രഭാഷണങ്ങൾ ചൂണ്ടിക്കാട്ടി സമസ്തയുടെ ആശയങ്ങൾ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചിലർ വിമർശിച്ചിരുന്നു. നബിദിനാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാൻ ആഹ്വാനം ചെയ്യുന്നതടക്കമുള്ള പ്രസംഗങ്ങളാണ് വിമർശിക്കപ്പെട്ടിരുന്നത്. സമസ്തയുടെ നടപടി പ്രതീക്ഷിക്കുന്ന രീതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാഫി വഫിയ്യ സ്ഥാപനങ്ങളുമായ ബന്ധപ്പെട്ടവർ 'ഉസ്താദുള്ള സമസ്തക്കൊപ്പം' എന്ന പേരിൽ ഓൺലൈൻ കാമ്പയിൻ തന്നെ നടത്തിയിരുന്നു. ഹക്കീം ഫൈസിയെ പുറത്താക്കിയെങ്കിലും സിഐസിയെ നേരിട്ട് പരാമർശിച്ചുള്ള നടപടികളൊന്നും സമസ്ത അറിയിച്ചിട്ടില്ല. നിരവധി വിദ്യാർഥികൾ പഠനം നടത്തുന്ന കോളേജുകളുടെ നടത്തിപ്പിനെ പുതിയ നടപടി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇത്തരം കോളേജുകൾ സമസ്ത ആശയങ്ങളുള്ളവർ നടത്തുന്നതാണ്. ഫൈസിയെ പുറത്താക്കിയ നടപടി ഇവരെങ്ങനെ കാണുമെന്നതും പ്രസക്തമാണ്.

Similar Posts