സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പെട്ടെന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
|നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം സംഘടനകൾ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചക്ക് വിളിച്ചത്. സമസ്തയെ മാത്രമാണ് ഇപ്പോൾ ചർച്ചക്ക് വിളിച്ചത്. മറ്റു മുസ്‌ലിം സംഘടനകളുമായിക്കൂടി ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.