'മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് സമസ്തയുടെ നിലപാട്'; സമരക്കാർക്ക് പിറകിൽ റിസോർട്ട് ലോബിയെന്ന് ഉമർ ഫൈസി
|'60ഓളം റിസോർട്ടുകാരുണ്ട് അവിടെ. അവരാണു നാട്ടുകാരെ സമരത്തിന് ഇറക്കിയത്. കുടിയേറിയവർ നിരപരാധികളാണ്. പലരും പണം കൊടുത്ത് വാങ്ങിയവരാണ്.'
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്നാണ് സമസ്തയുടെ നിലപാടെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഭൂമിയുടെ ആധാരത്തിൽ രണ്ടിടത്ത് വഖഫ് ഭൂമിയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി മറിച്ചുവിറ്റ ഫാറൂഖ് കോളജിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി അവിടെ കുടിയേറിയവരെ പുനരധിവസിപ്പിക്കണമെന്നും വഖഫ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനമ്പത്തെ സമരത്തിനു പിന്നിൽ റിസോർട്ട് ലോബിയാണെന്നും ഉമർ ഫൈസി ആരോപിച്ചു.
ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് നടന്ന എസ്‌കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 1948ലാണ് ഫാറൂഖ് കോളജ് ഉണ്ടായ ശേഷം ഫറോക്കിലെ പുളിയാലി കുടുംബമാണ് 28 ഏക്കർ സ്ഥലം അവിടെ വഖഫാക്കുന്നതെന്നും ആ ഭൂമിയിലാണ് കോളജ് സ്ഥിതി ചെയ്യുന്നതെന്നും ഉമർ ഫൈസി പറഞ്ഞു. മലബാറിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങിയതിന്റെ ഫലമായാണ് ഫാറൂഖ് കോളജ് ഉണ്ടാകുന്നത്. കോളജിനു പലനാടുകളിലും പലരും വഖഫ് നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രശ്‌നമായി നിൽക്കുന്ന ചെറായി മുനമ്പത്തെ ഭൂമി 1950ൽ സിദ്ദീഖ് സേട്ട് എന്നയാളാണ് വഖഫ് ആക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാർക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും. എല്ലാ പാർട്ടികൾക്കും ഓരോ നിലപാടുണ്ടാകും. സമസ്തയുടെ കാഴ്ചപ്പാട് അത് വഖഫ് ഭൂമിയാണെന്നാണ്. 404 ഏക്കർ ഭൂമിയാണ് വഖഫാക്കിയിരുന്നത്. അതിൽനിന്ന് വരുമാനമെടുത്ത് നടത്താനാണ് വഖഫാക്കിയതെന്നും ഉമർ ഫൈസി പറഞ്ഞു.
''വഖഫ് അല്ലാഹുവിന്റെ സ്വത്താണ്. അതു വിൽക്കാനും അനന്തരമെടുക്കാനും കൈമാറ്റം ചെയ്യാനും പാടില്ല. വഖഫ് ചെയ്തയാൾ ഉദ്ദേശിച്ച കാര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഫാറൂഖ് കോളജ് ഇപ്പോൾ നടത്തുന്നത് വഹാബികളാണ്. അവരാണ് ഈ സ്ഥലം വിറ്റത്. ഒരു വക്കീലിനു സ്ഥലം വിൽക്കാനുള്ള അധികാരം കൊടുക്കുകയായിരുന്നു കമ്മിറ്റി. അങ്ങനെയാണു സ്ഥലം നശിച്ചുപോയത്.
അവിടെ പാവപ്പെട്ട കുറേ കുടിയേറ്റക്കാരുണ്ട്. പൈസ കൊടുത്തു വാങ്ങിയവരും അല്ലാത്തവരുമുണ്ട്. ഇതിനു പുറമെ നിരവധി റിസോർട്ടുകാരുമുണ്ട്. 60ഓളം റിസോർട്ടുകാരുണ്ട് അവിടെ. അവരാണു നാട്ടുകാരെ സമരത്തിന് ഇറക്കിയത്. കുടിയേറിയവർ നിരപരാധികളാണ്. പലരും പണം കൊടുത്ത് വാങ്ങിയവരാണ്. ഈ സ്ഥലം വഖഫ് സ്വത്താണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇതിന്റെ ആധാരത്തിലും രണ്ടിടത്ത് വഖഫാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.''
രാഷ്ട്രീയക്കാർ അവിടെ പോയി എന്തെങ്കിലും പറഞ്ഞാൽ കുറേ വോട്ട് കിട്ടും. അതിനു വേണ്ടി കണ്ണീരൊലിപ്പിക്കുകയാണ് അവർ. അവിടെ താമസിക്കുന്നവരെ പുറത്താക്കണമെന്നല്ല നമ്മളും പറയുന്നത്. അവരുടെ പ്രശ്‌നം പരിഹരിക്കണം. അവരെ അങ്ങനെ റോഡിലേക്ക് ഇറക്കിവിടാൻ പറ്റില്ല. കോളജ് കമ്മിറ്റിയോട് നഷ്ടപരിഹാരം വാങ്ങി അവരെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തണം. വഖഫ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു.
Summary: 'Samastha's stance is that Munambam is Waqf land, the resort lobby is behind the protesters': Says Umar Faizy Mukkam