സമസ്ത നയവിശദീകരണ സമ്മേളനം കടമേരിയിൽനിന്ന് കുറ്റ്യാടിയിലേക്ക് മാറ്റി
|ആദർശ വ്യതിയാനത്തിനും അച്ചടക്കരാഹിത്യത്തിനുമെതിരെ എന്ന പ്രമേയത്തിൽ മാർച്ച് 11ന് ശനിയാഴ്ചയാണ് പരിപാടി തീരുമാനിച്ചിരുന്നത്.
കോഴിക്കോട്:സമസ്ത-സി.ഐ.സി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ കടമേരി റഹ്മാനിയ്യ കാമ്പസിൽ നടത്താൻ തീരുമാനിച്ചിരുന്ന സമസ്ത നയവിശദീകരണ സമ്മേളനം റഹ്മാനിയ്യ കാമ്പസിൽനിന്ന് കുറ്റ്യാടിയിലേക്ക് മാറ്റി. ആദർശ വ്യതിയാനത്തിനും അച്ചടക്കരാഹിത്യത്തിനുമെതിരെ എന്ന പ്രമേയത്തിൽ മാർച്ച് 11ന് ശനിയാഴ്ചയാണ് പരിപാടി തീരുമാനിച്ചിരുന്നത്.
സമസ്ത നാദാപുരം, കുറ്റ്യാടി മണ്ഡലം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പരിപാടി തങ്ങളുടെ കോളജിൽ നടക്കുന്നില്ലെന്ന് റഹ്മാനിയ്യ കോളജ് വൃത്തങ്ങൾ പറഞ്ഞു.
കുറ്റ്യാടിയിൽ നടക്കുന്ന പരിപാടിയിൽ കൊയ്യോട് ഉമർ മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സംഘാടകർ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നത്.
സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശേരിയെ സമസ്ത പുറത്താക്കിയിരുന്നു. വാഫി-വഫിയ്യ കോഴ്‌സ് നടത്തിയ കോളജുകളുടെ കൂട്ടായ്മയാണ് സി.ഐ.സി. തുടർന്ന് സി.ഐ.സി ചെയർമാൻ സാദിഖലി തങ്ങളുടെ നിർദേശപ്രകാരം ജനറൽ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. സമസ്തയിലെ ചില ആളുകളുടെ വ്യക്തിപരമായ താൽപര്യങ്ങളെ തുടർന്നാണ് തന്നെ പുറത്താക്കിയതെന്നാണ് ഹകീം ഫൈസിയുടെ നിലപാട്. സമസ്ത-സി.ഐ.സി പ്രശ്‌നത്തിൽ സമസ്തയുടെ നിലപാട് വിശദീകരിക്കുന്നതിന് വേണ്ടിയാണ് വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.