Kerala
Samastha Youth leader Sathar Pantaloor on Muslim community representation in Kerala government service
Kerala

കള്ളക്കണക്കുമായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരെ മലയാളി ഇനിയെങ്കിലും തിരിച്ചറിയണം-സത്താര്‍ പന്തല്ലൂര്‍

Web Desk
|
2 July 2024 9:08 AM GMT

പല സമുദായങ്ങളും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയപ്പോള്‍ മുസ്‌ലിംകള്‍ ഇപ്പോഴും പാതിവഴിയേ എത്തിയിട്ടുള്ളൂവെന്നാണ് നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: സര്‍ക്കാര്‍ പുറത്തുവിട്ട കണക്കോടെ സംസ്ഥാനത്തെ ഉദ്യോഗരംഗത്ത് ഏറ്റവും പിന്നിലുള്ളത് മുസ്‌ലിം സമുദായമാണെന്നു വ്യക്തമായിരിക്കുകയാണെന്ന് സമസ്ത യുവ നേതാവ് സത്താര്‍ പന്തല്ലൂര്‍. കേരളത്തില്‍ കള്ളക്കണക്കുമായി വിദ്വേഷ പ്രചാരണം നടത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരെ ഇനിയെങ്കിലും മലയാളി തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഉദ്യോഗരംഗത്തെ സാമുദായികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ കണക്ക് നിയമസഭയില്‍ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കണക്കാണ് ഇതിലുള്ളത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്‌ലിംകള്‍. ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം 13.51 ശതമാനം മാത്രമാണ് സര്‍ക്കാര്‍, അനുബന്ധ സര്‍വിസിലെ മുസ്‌ലിം പ്രാതിനിധ്യമെന്ന് സത്താര്‍ ചൂണ്ടിക്കാട്ടി. പല സമുദായങ്ങളും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയപ്പോള്‍ മുസ്‌ലിംകള്‍ ഇപ്പോഴും പാതിവഴിയേ എത്തിയിട്ടുള്ളൂവെന്നാണ് നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും രാവിലെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി വൈകുന്നേരമാകുമ്പോഴേക്ക് കാര്യം സാധിച്ച് വരുന്ന, നിരന്തമായി 'പ്രീണിപ്പിക്കപ്പെടുന്ന മുസ്‌ലിം സമുദായത്തിന്റെ' ഉദ്യോഗ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാമുദായികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ കണക്കാണ് നിയമസഭയില്‍ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ചിട്ടുള്ളത്.

-ജീവനക്കാരില്‍ 36.08 ശതമാനം പേര്‍ മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആകെ സര്‍വിസിലുള്ള 5,45,423 പേരില്‍ 1,96,837 പേരും മുന്നാക്ക വിഭാഗത്തില്‍നിന്നാണ്.

ഇതില്‍ 1,08,012 പേര്‍(19.8 ശതമാനം) നായര്‍, അനുബന്ധ സമുദായത്തില്‍നിന്നുള്ളവരും 73,713 പേര്‍(13.51 ശതമാനം) മുന്നാക്ക ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളവരുമാണ്.

-1,15,075 ആണ് ഈഴവ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍, അനുബന്ധ സര്‍വിസിലുള്ള പ്രാതിനിധ്യം(21.09 ശതമാനം)

-73,774 ആണ് മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം(13.51 ശതമാനം)

-ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍നിന്ന് 22,542 പേര്‍(4.13 ശതമാനം)

-എസ്.സി വിഭാഗത്തില്‍നിന്ന് 51,783 പേര്‍(9.49 ശതമാനം)

-എസ്.ടി വിഭാഗത്തില്‍നിന്ന് 10,513 പേര്‍ (1.92 ശതമാനം)

ജനസംഖ്യാനുപാതിക പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വിസില്‍ വലിയ കുറവുള്ളത്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്‌ലിംകള്‍. ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം 13.51 ശതമാനം മാത്രമാണ് സര്‍ക്കാര്‍, അനുബന്ധ സര്‍വിസിലെ മുസ്‌ലിം പ്രാതിനിധ്യം. പല സമുദായങ്ങളും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയപ്പോള്‍ മുസ്‌ലിംകള്‍ ഇപ്പോഴും പാതിവഴിയേ എത്തിയിട്ടുള്ളൂവെന്നാണ് നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നത്.

കള്ളക്കണക്കുമായി കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരെ തിരിച്ചറിയാന്‍ ഇനിയെങ്കിലും മലയാളിക്ക് കഴിയണം.

Summary: Samastha Youth leader Sathar Pantaloor says that according to the figures released by the Kerala government, it is clear that the Muslim community is lagging behind in the employment sector in the state.

Similar Posts