നിർമാണം നിർത്തിയാലും സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തം: സാംസങ് 96,000 രൂപ നഷ്ടപരിഹാരം നല്‍കണം
|ഇന്ത്യൻ നേവിയിൽ കമാൻഡർ ആയിരുന്ന എറണാകുളം സ്വദേശി കീർത്തി എം . കുര്യൻസ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്
കൊച്ചി : കമ്പനികൾ ഉല്‍പന്നത്തിന്‍റെ നിർമാണം അവസാനിപ്പിച്ചാലും വിറ്റഴിക്കപ്പെട്ട പ്രൊഡക്ടുകൾക് ആവശ്യാമായ സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം (Right To Repair ) ലംഘിച്ച സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് 96,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനു, മെമ്പർ മാരായ വൈക്കം രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ ചേർന്ന ബഞ്ച് ഉത്തരവിട്ടു.
ഇന്ത്യൻ നേവിയിൽ കമാൻഡർ ആയിരുന്ന എറണാകുളം സ്വദേശി കീർത്തി എം . കുര്യൻസ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. 2016 ജൂലൈ മാസത്തിൽ 72,000 രൂപ നൽകി സാംസങ് ഇലട്രോണിക്‌സ് ന്റെ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങി. എന്നാൽ 2021 മുതൽ റഫ്രിജറേറ്ററിന്റെ തണുപ്പിക്കൽ ശേഷിക്ക് തകരാർ സംഭവിച്ചു. ഇതേ തുടർന്ന് കമ്പനി നിയോഗിച്ച ടെക്‌നിഷ്യൻ പലവിധ റിപ്പയറിങ് നടത്തിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, 15 ശതമാനം വിലക്കുറവോടെ പുതിയ ഫ്രിഡ്ജ് വാങ്ങാനുള്ള കൂപ്പൺ എതിർകക്ഷി വാഗ്ദാനം ചെയ്തു.
കമ്പനിയുടെ ഈ വാഗ്ദാനം പര്യാപ്തമല്ലാത്തതിനാലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഒരു വർഷ വാറണ്ടി കാലാവധി പൂർത്തിയായെന്നും ഫ്രിഡ്ജിന് നിർമ്മാണ വൈകല്യം ഇല്ലെന്നും പരാതിക്കാരൻ ശ്രദ്ധാപൂർവം ഉപയോഗിക്കാത്തതാണ് തകരാറിന് കാരണമെന്നും എതിർകക്ഷി ബോധിപ്പിച്ചു. ഫ്രിഡ്ജ് റിപ്പയർ ചെയ്യാൻ കഴിയില്ലെന്നും സ്പർപാർട്സുകൾ ലഭ്യമല്ലെന്നും കോടതി നിയോഗിച്ച വിദഗ്ധന്‍ റിപ്പോർട്ട് നൽകി.
"വലിയ വില കൊടുത്ത് ഉപഭോക്താവ് ഒരു ഉപകരണം വാങ്ങുന്നത് വാറണ്ടി കാലയളവിൽ മാത്രം ഉപയോഗിക്കാനല്ല. ഉൽപ്പന്നത്തിന്റെ ഏതെങ്കിലും ഘടകം പ്രവർത്തന രഹിതമായാൽ അത് മാറ്റി പ്രവർത്തനക്ഷമമാക്കാനുള്ള അവകാശം (Right To Repair ) നിഷേധിക്കുകയും, കൂടിയ വിലകൊടുത്ത് പുതിയ ഉത്പന്നം വാങ്ങാൻ കമ്പനി ആവശ്യപ്പെടുകയും ചെയ്യുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അധാർമിക വ്യാപാര രീതിയും , ഇലക്ട്രോണിക് മാലിന്യങ്ങളുടെ വർദ്ധനവിന് ആക്കം കൂട്ടുന്ന പ്രവർത്തിയുമാണ് " കോടതി വിലയിരുത്തി.
ഫ്രിഡ്ജിന്റെ അഞ്ചുവർഷത്തെ തേയ്‌മാനം (Depreciation) കണക്കിലെടുത്ത് എതിർ കക്ഷി 36,000 രൂപ ഒരു മാസത്തിനകം ഉപഭോക്താവിന് നൽകണം. കൂടാതെ നഷ്ടപരിഹാരം, കോടതിചെലവ് എന്നീ ഇനങ്ങളിൽ 60000 രൂപയും 9 ശതമാനം പലിശയും എതിർകക്ഷി നൽകണമെന്ന് കോടതി ഉത്തരവ് നൽകി.