'ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാൽ സന്ദീപിനെ സ്വീകരിക്കാം': സിപിഐ
|സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് എത്തിയിരുന്നു.
പാലക്കാട്: ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാൽ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ. ബിജെപി എല്ലാ ചീത്തപ്പണത്തിന്റെയും ആൾക്കാരാണ്. ആ പാർട്ടിക്ക് സത്യവും ധർമവും ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
'പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോൾ കേട്ടില്ല. ഇപ്പോളത് ഏതോ പാർട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേൾക്കുന്നു, ഇലക്ഷൻ കമീഷന് ഇഷ്ടപ്പെട്ട പാർട്ടി അതാണെങ്കിൽ നല്ലതല്ല'- ബിനോയ് വിശ്വം പറഞ്ഞു.
മുനമ്പത്ത് വർഗീയ സംഘർഷത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അവിടെ നിന്ന് ഒരാളെയും കുടിയിറക്കാൻ പാടില്ല. വഖഫ് ആയാലും ദേവസ്വം ബോർഡായാലും സർക്കാരിന് ഒരേ നിലപാടാണ്. പ്രശ്നം രമ്യമായി പരിഹരിക്കണം. മുസ്‌ലിം-ക്രിസ്ത്യൻ തർക്കമാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നു. കുളം കലക്കൽ ടീംസ് തമ്മിലടിപ്പിച്ചാൽ അതിന്റെ ഗുണം ബിജെപിക്കാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് എത്തിയിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികളല്ല നയമാണ് പ്രശ്നം, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കും. മുൻപും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.