Kerala
സന്ദീപ് ആദ്യം കുത്തിയത് തലയിൽ, വന്ദന അവശയായി വീണപ്പോൾ നിലത്തിട്ടും കുത്തി; എഫ്.ഐ.ആർ റിപ്പോർട്ട്
Kerala

'സന്ദീപ് ആദ്യം കുത്തിയത് തലയിൽ, വന്ദന അവശയായി വീണപ്പോൾ നിലത്തിട്ടും കുത്തി'; എഫ്.ഐ.ആർ റിപ്പോർട്ട്

Web Desk
|
10 May 2023 11:41 AM GMT

കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു

കൊല്ലം: ഡോക്ടർ വന്ദനയെ കുത്തിക്കൊന്ന കേസിൽ എഫ്.ഐ.ആർ പകർപ്പ് മീഡിയവണ്ണിന്. വന്ദനയെ പ്രതി സന്ദീപ് പിന്തുടർന്ന് കുത്തിയെന്നും ഡ്രസിങ് റൂമിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്.

കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു. ഒബ്‌സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. വന്ദന അവശയായി വീണപ്പോൾ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആർ. വന്ദനയുടെ ശരീരത്തിൽ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയത്.

അതേസമയം വന്ദനയെ കുത്തിക്കൊന്ന പ്രതി ജി. സന്ദീപിനെ സസ്പെൻഡ് ചെയ്തു. നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്ടർ വന്ദനയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സന്ദീപിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് ജി. സന്ദീപിന് സസ്പെൻഷൻ. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിലേക്കടക്കം വിദ്യാഭ്യാസ വകുപ്പ് കടന്നേക്കും. ലഹരി ഉപയോഗവും മറ്റു ചില പ്രശ്നങ്ങൾ കാരണവും സന്ദീപ് നേരത്തെ സസ്പെൻഷനിലായിരുന്നുവെന്നാണ് സൂചന.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.

Similar Posts