Kerala
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാൻ സമ്മർദ്ദമുണ്ടായിരുന്നു സന്ദീപ് നായര്‍
Kerala

'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാൻ സമ്മർദ്ദമുണ്ടായിരുന്നു' സന്ദീപ് നായര്‍

Web Desk
|
10 Oct 2021 7:49 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസിലോ പി ശ്രീരാമകൃഷ്ണൻ്റെ വീട്ടിലോ താനും സ്വപ്നയും പോയിട്ടില്ലെന്ന് സന്ദീപ് നായര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് പ്രതി സന്ദീപ് നായർ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപ്നായര്‍ ഇന്നലെയാണ് ജയില്‍ മോചിതനായത്.

'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാൻ എനിക്ക് സമ്മർദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണന്‍ എത്തിയത് എന്‍റെ ക്ഷണം സ്വീകരിച്ചാണ്. ജനപ്രതിനിധിയായത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ആരെയും ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാന്‍ നിരപരാധിയോ അപരാധിയോ എന്ന് കാലം തെളിയിക്കും'. സന്ദീപ് നായര്‍ പറഞ്ഞു.

ഫൈസൽ ഫരീദിനെ തനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത്. സരിത്ത് തന്‍റെ സുഹൃത്താണ്.സരിത്ത് വഴിയാണ് സ്വപ്നയെ പരിചയം. സ്വപ്ന സുരേഷിനെ നിയമ സഹായവുമായി ബന്ധപ്പെട്ട് സഹായിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസിലോ പി ശ്രീരാമകൃഷ്ണൻ്റെ വീട്ടിലോ താനും സ്വപ്നയും പോയിട്ടില്ല .കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ തനിക്കെതിരെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നും സന്ദീപ് നായര്‍ കൂട്ടിച്ചേര്‍ത്തു.

എൻ.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്നു മാസവും തികയുമ്പോഴാണ് സന്ദീപ് നായര്‍ ജയിൽ മോചിതനായത്. സംഭവത്തിൽ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.





Related Tags :
Similar Posts