'സന്ദീപ് വാര്യറെ മുറുകെ പിടിക്കണം'; കെ.സുധാകരനോട് കെ.സുരേന്ദ്രൻ
|സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ ലഭിക്കുമാറാകട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്: സന്ദീപ് വാര്യറെ മുറുകെ പിടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ നാടകം. സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ ലഭിക്കുമാറാകട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
'സന്ദീപ് വാര്യരുടെ കോണ്ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ ബിജെപിയേയോ ബാധിക്കില്ല. അപ്രസക്തമായ വിഷയമാണ്. തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് പരാജയം മണത്തു. യുഡിഎഫ് തകർന്ന് തരിപ്പണമാകും. ഇതെല്ലാം നേരത്തെ ഉണ്ടാക്കിയ തിരക്കഥയാണ്, കോണ്ഗ്രസ് കാര്യങ്ങളൊക്കെ ശരിയായി മനസിലാക്കി വരുമ്പോഴേക്കും എല്ലാം പിടികിട്ടും. സുധാകരനും സതീശനും എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കണം' സുരേന്ദ്രൻ പറഞ്ഞു.
അങ്ങേയറ്റം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് ജോലിയെടുത്തതിൽ ജാള്യതയെന്നാണ് കോണ്ഗ്രസ് അംഗത്വം സ്വീകരിച്ച് സന്ദീപ് വാര്യരുടെ പ്രതികരണം. സ്നേഹത്തിന്റെ കടയിലാണ് താൻ അംഗത്വമെടുത്തതെന്നും ബിജെപിയിൽ വീർപ്പു മുട്ടിയാണ് ഇത്രയും നാൾ കഴിഞ്ഞതെന്നും സന്ദീപ് പറഞ്ഞു.
കുറച്ച് നാളായി ബിജെപിയിൽ നിന്ന് കിട്ടിയത് അങ്ങേയറ്റത്തെ ഒറ്റപ്പെടുത്തലും വേട്ടയാടലുമാണ്. ഇന്നിവിടെ കോൺഗ്രസിന്റെ ത്രിവർണ ഷാളണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി കെ.സുരേന്ദ്രനും സംഘവുമാണ്. കേരളത്തിലെ സിപിഎമ്മുമായി ചേർന്ന് അവർ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സിനെതിരെ നിലപാടെടുത്തു എന്നതാണ് താൻ ചെയ്ത തെറ്റ്. കരുവന്നൂരും കൊടകരയും പരസ്പരം വെച്ചു മാറുന്നതിനെ എതിർത്തു എന്നതാണ് താൻ ചെയ്ത കുറ്റം. ധർമരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാഞ്ഞതും തന്റെ പേരിലുള്ള കുറ്റമായെന്നാണ് സന്ദീപിന്റെ വാക്കുകൾ.