Kerala
Sandeep Varier reacts to BJP Kerala Prabhari Prakash Javadekars remarkS that Sandeep is not a prominent leader, Palakkad by-election 2024, Palakkad by-poll 2024
Kerala

എന്നെപ്പോലെയുള്ള എളിയവനെയും ജാവദേക്കർ കാണട്ടെ; സുരേന്ദ്രന്റെ പരാമർശം ദൗർഭാഗ്യകരം-സന്ദീപ് വാര്യർ

Web Desk
|
7 Nov 2024 9:16 AM GMT

'ശോഭയോ സുരേന്ദ്രനോ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വീണ്ടും വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നു പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്'

പാലക്കാട്: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ പരാമർശത്തോട് പ്രതികരിച്ച് സന്ദീപ് വാര്യർ. തന്നെപ്പോലൊരു എളിയവനെ കാണാൻ ജാവദേക്കറിനു കഴിയട്ടെ എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. ഒരാൾ പുറത്തുപോയാൽ ഒന്നും സംഭവിക്കില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞത് ഏറെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യർ പ്രമുഖ നേതാവല്ലെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹം ഉയർത്തുന്ന വിഷയം ഒരു സ്വാധീനവും ചെലുത്തില്ലെന്നും നേരത്തെ ജാവദേക്കർ 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനോടാണ് ഇപ്പോൾ സന്ദീപ് പ്രതികരിച്ചത്. ഞാൻ പാർട്ടിയിലെ പ്രമുഖ വ്യക്തിയല്ല. സാധാരണ കാര്യകർത്താവു മാത്രമാണ്. ജാവദേക്കർ വലിയ നേതാവും വിശാലഹൃദയനുമാണ്. തന്നെപ്പോലുള്ളൊരു എളിയവനെ അദ്ദേഹത്തിന് കാണാൻ കഴിയട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ക്രിയാത്മകമായൊരു നിർദേശവും വന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത് കണ്ടു. ഒരാൾ പുറത്തുപോയാൽ ഒന്നും സംഭവിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ ദൗർഭാഗ്യകരമാണ്. ദീർഘനാളത്തെ ത്യാഗവും തപസ്യയുമെല്ലാം റദ്ദു ചെയ്യുന്നതായിപ്പോയി ആ പ്രസ്താവന. ആരു പുറത്തുപോയാലും അതീവ ദുഃഖകരമായ കാര്യമാണ്. ആളുകളെ ചേർത്തുനിർത്താനാണു നേതൃത്വം ശ്രദ്ധിക്കേണ്ടതെന്നും സന്ദീപ് പറഞ്ഞു.

''സന്ദീപ് കാര്യങ്ങൾ മനസിലാക്കി തിരികെ വരണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഞാനാണോ കാര്യങ്ങൾ മനസിലാക്കേണ്ടത്. ഞാൻ ഇതിൽ ഒരു വിഷമം ഉന്നയിച്ച ആളാണ്. സുരേന്ദ്രൻ പറഞ്ഞതിൽ എന്റെ വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന സൂചനയുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ അഞ്ചുദിവസം കാത്തിരുന്ന ആളാണ്. ഞാൻ പറഞ്ഞത് തെറ്റാണെന്ന നിലപാടാണ് സുരേന്ദ്രൻ എടുത്തിരിക്കുന്നത്. ഇതു ദൗർഭാഗ്യകരമാണ്. ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് തീർക്കേണ്ടത് തെരഞ്ഞെടുപ്പ് കൺവെൻഷനിലല്ല. ഒരു സഹപ്രവർത്തകനെ അവഹേളിച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്.''

കൃഷ്ണകുമാർ തോറ്റാൽ അതു തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുകയാണെന്നും സന്ദീപ് കുറ്റപ്പെടുത്തി. ജയിക്കണമെങ്കിൽ ശോഭാ സുരേന്ദ്രനെയോ കെ. സുരേന്ദ്രനെയോ മത്സരിപ്പിക്കണമെന്ന് താൻ പറഞ്ഞിരുന്നു. ശോഭയോ സുരേന്ദ്രനോ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വീണ്ടും വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നു പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Summary: Sandeep Varier reacts to BJP Kerala Prabhari Prakash Javadekar's remarks that Sandeep is not a prominent leader

Similar Posts