Kerala
അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം; ഹലാല്‍ ഹോട്ടല്‍ വിവാദത്തില്‍ സുരേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍
Kerala

'അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം'; ഹലാല്‍ ഹോട്ടല്‍ വിവാദത്തില്‍ സുരേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍

ijas
|
21 Nov 2021 2:26 AM GMT

'ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ'

ബി.ജെ.പിയുടെ ഹലാല്‍ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. 'വ്യക്തിപരമായ ഒരു നിരീക്ഷണം' എന്ന ആമുഖത്തില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ നിലവിലെ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ വാദങ്ങളെ സന്ദീപ് വാര്യര്‍ തള്ളിക്കളയുന്നുണ്ട്.

ഹിന്ദുവിനും മുസ്‍ലിമിനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസ്‍ലിമിന്‍റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്‍റെ സ്ഥാപനത്തിൽ മുസ്‍ലിമും ജോലി ചെയ്യുന്നുണ്ട്. അവന്‍റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

തീവ്രവാദ ശക്തികൾ ഹോട്ടലുകളിൽ ഹലാൽ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാൽ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തിൽ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്‍റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്‍റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.

അവന്‍റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്‍റ്, ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അല്ല...അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്‍റെ പ്രയത്‌നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.

Similar Posts